കോണ്‍ഗ്രസിന് മൈക്രോ യൂണിറ്റുകള്‍; ലക്ഷ്യം വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം

കോണ്‍ഗ്രസിന് മൈക്രോ യൂണിറ്റുകള്‍; ലക്ഷ്യം വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം

കോഴിക്കോട്: കോണ്‍ഗ്രസ് മൈക്രോ യൂണിറ്റുകള്‍ രൂപീകരിക്കുന്നു. വീടുകള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനം ലക്ഷ്യമിട്ടാണ് കെപിസിസി നേതൃത്വം മൈക്രോ യൂണിറ്റുകള്‍ക്ക് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും ഒരു പഞ്ചായത്തില്‍ വീതമാണ് പദ്ധതി നടപ്പാക്കുക.

ജില്ലകളിലെ ചുമതലക്കാര്‍ക്കായി സംസ്ഥാനതല പരിശീലന പരിപാടിയും നടത്തി. ഓഗസ്റ്റ് 26, 27 തീയതികളില്‍ നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. അതീവ രഹസ്യമായി നടത്തിയ പരിശീലനത്തില്‍ ഒരു ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ വീതമാണു പങ്കെടുത്തത്. മാതൃകാ പദ്ധതി നടപ്പാക്കാനുള്ള പഞ്ചായത്തുകളും തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ പഞ്ചായത്ത്, മലപ്പുറംവണ്ടൂര്‍, പാലക്കാട് കരിമ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിലെ മൈക്രോ യൂണിറ്റുകള്‍. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ 11 നിയോജക മണ്ഡലങ്ങളിലെ ഓരോ പഞ്ചായത്തുകളില്‍ വീതം ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കും.

അതിഥികളും വാര്‍ത്തയും വേണ്ട 15 മുതല്‍ 200 വരെ വീടുകള്‍ക്ക് ഒരു കോണ്‍ഗ്രസ് യൂണിറ്റ് എന്ന രീതിയിലാണ് കമ്മിറ്റികള്‍ രൂപീകരിക്കുക. യൂണിറ്റ് ചുമതലക്കാര്‍ക്കുള്ള പരിശീലനം അടുത്ത ആഴ്ച ആരംഭിക്കും. ഓരോ ബൂത്ത് പരിധിയിലെയും കോണ്‍ഗ്രസ് കുടുംബങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍വേയ്ക്കും മാതൃകാ പഞ്ചായത്തുകളില്‍ തുടക്കമായി.

കോണ്‍ഗ്രസ് കുടുംബങ്ങള്‍, കോണ്‍ഗ്രസ് സൗഹൃദ വീടുകള്‍, കോണ്‍ഗ്രസ് അനുഭാവികള്‍ എന്നിവരുടെ പട്ടിക തയാറാക്കാനാണ് നിര്‍ദേശം. ഓരോ ബൂത്തിലെയും കോണ്‍ഗ്രസ് വോട്ടര്‍മാരുടെ സ്ഥിരം റജിസ്റ്റര്‍ തയാറാക്കണം. ഒരു വീട്ടില്‍ നിന്ന് ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തി യൂണിറ്റ് കമ്മിറ്റി രൂപീകരിക്കും. യൂണിറ്റ് ഭാരവാഹികളില്‍ 20 % സ്ത്രീകളും അഞ്ച് മുതല്‍ 10 % വരെ ദലിത് വിഭാഗത്തില്‍ പെട്ടവരും വേണം. മാസത്തില്‍ രണ്ടു തവണ യൂണിറ്റ് കമ്മിറ്റി യോഗം ചേരണം. ചരിത്രപ്രാധാന്യമുള്ള 10 ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കണം.

മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ച വാര്‍ഷികയോഗം, കുടുംബസംഗമം എന്നിവ സംഘടിപ്പിക്കണം. യോഗങ്ങളില്‍ അതിഥികളെ ക്ഷണിക്കുകയോ വാര്‍ത്ത നല്‍കുകയോ വേണ്ട. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സ്വന്തം വീടുള്‍പ്പെടുന്ന യൂണിറ്റുകളില്‍ അംഗങ്ങളാവണം. വര്‍ഷത്തില്‍ രണ്ട് യോഗത്തിലെങ്കിലും പങ്കെടുക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.