നിപ പ്രതിരോധത്തില്‍ ഏകോപനമില്ലാതെ വകുപ്പുകള്‍; കമ്മിറ്റി ഒരു തവണപോലും യോഗം ചേര്‍ന്നില്ല

നിപ പ്രതിരോധത്തില്‍ ഏകോപനമില്ലാതെ വകുപ്പുകള്‍; കമ്മിറ്റി ഒരു തവണപോലും യോഗം ചേര്‍ന്നില്ല

കോഴിക്കോട്: നിപ പ്രതിരോധത്തില്‍ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമാകാത്തതിനാൽ രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ പരിശോധനാസംവിധാനം പാളുന്നു. വവ്വാലിൽനിന്നാണ് വൈറസ് വ്യാപനസാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു പറയുമ്പോഴും രോഗമുണ്ടായ പ്രദേശത്തുനിന്ന് അവയെ ജീവനോടെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പിന്റെ സഹകരണത്തോടെയേ ഇതിനു സാധ്യമാകൂ.

കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. അവയെ പിടികൂടി പരിശോധിക്കാനും വനംവകുപ്പ് സഹകരിക്കണം. എന്നാൽ, കൃത്യമായ ഉത്തരവില്ലാതെ വവ്വാലിനെയോ കാട്ടുപന്നിയേയോ പിടികൂടാൻ കഴിയില്ലെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിലപാട്.

അതേസമയം ജില്ലാതലത്തിൽ രോഗ പ്രതിരോധത്തിനായി രൂപവത്കരിച്ച കമ്മിറ്റി ഒരു തവണപോലും യോഗം ചേർന്ന് ആസൂത്രണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്.

നിരീക്ഷണസംവിധാനം ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിൽനിന്നോ കളക്ടറിൽനിന്നോ ഉത്തരവുണ്ടായില്ലെങ്കിൽ നിരീക്ഷണ-പരിശോധനാ നടപടികൾ ഫലപ്രദമാകില്ല. നിപ മരണം നടന്ന് അടുത്ത ദിവസങ്ങളിൽതന്നെ പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. മരണം നടന്നതിന്റെ പിറ്റേന്നുതന്നെ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ടെങ്കിലും ഏകോപനം നടന്നില്ലെന്നാണ് സാമ്പിൾ ശേഖരണത്തിനുള്ള പ്രയാസങ്ങൾ തെളിയിക്കുന്നത്. വവ്വാലിനെ ജീവനോടെ കിട്ടാത്ത സാഹചര്യത്തിൽ ചത്തവയെയും അവശനിലയിൽ കണ്ടവയെയുമാണ് മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥർ ശേഖരിച്ചത്.

എന്നാൽ വവ്വാലുകൾ കടിച്ച അടയ്ക്കകൾ വ്യാപകമായി ഈ പ്രദേശത്ത് വീണുകിടപ്പുണ്ട്. അതൊന്നും പരിശോധിക്കാനുള്ള നിർദേശം ഇതുവരെ ഉണ്ടായിട്ടില്ല. പ്രാദേശികപ്രത്യേകതകൾ മനസിലാക്കിക്കൊണ്ട് വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് വേണ്ടതെന്ന് മുതിർന്ന ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.