150 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വപ്‌നഭവനം ഒരുക്കാന്‍ പാലക്കാട് രൂപത

150 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വപ്‌നഭവനം ഒരുക്കാന്‍ പാലക്കാട് രൂപത

പാലക്കാട്: സ്വന്തമായൊരു ഭവനം ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ്. ഒരു കൂട്ടം മനുഷ്യരുടെ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ കൈത്താങ്ങായി പാലക്കാട് രൂപത. നിരാലംബരും പാവപ്പെട്ടവരുമായ 150 കുടുംബങ്ങള്‍ക്ക് ഭവനം ഒരുക്കുവാന്‍ ഒരു രൂപത മുഴുവന്‍ ഒപ്പം ചേരുകയായിരുന്നു. സെന്റര്‍ റാഫേല്‍ കത്തീഡ്രല്‍ ഇടവകയിലെ ഒതുങ്ങോട് ജോണ്‍സന്റെ വീടിന് തറക്കല്ലിട്ട് പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങില്‍ രൂപത സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, വികാരി ജനറാള്‍ ജീജോ ചാലയ്ക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോഷി പുലിക്കോട്ടില്‍, അസി. വികാരി ഫാ. സാജി അറയ്ക്കല്‍, ഇടവക കൈക്കാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശുദ്ധ ഔസേഫ് പിതാവിന്റെ പ്രത്യേക വര്‍ഷവം സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രൂപതയുടെ ഭവന പദ്ധതി. രൂപതയിലെ സുമനസുകളുടേയും സ്ഥാപനങ്ങളുടേയും വൈദികരുടേയും സംഭാവനയാണ് പദ്ധതിയുടെ മൂലധനം. ക്രിസ്മസിന് മുമ്പ് 150 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മാത്രമല്ല രൂപത ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തിന്റെ പൗരോഹിത്യ സുവര്‍ണജൂബിലിയുടെ ഭാഗമായുള്ള സ്‌നേഹോപഹാരം കൂടിയാണ് ഈ ഭവനങ്ങള്‍.

വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപത ശ്രദ്ധേയമായ നേതൃത്വമാണ് നല്‍കിയത്. ഇനിയും ധാരാളം ആളുകളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്ന് രൂപത വ്യക്തമാക്കുന്നു. അടിയന്തരമായി നിര്‍മാണം ആവശ്യമായ 150 വീടുകളാണ് നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇടവക വികാരിമാരുടേയും ഇടവകയിലെ കമ്മിറ്റികളുടേയും രൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ പിഎസ്എസ്പിയുടെയും ആഭിമുഖ്യത്തിലാണ് ഉപഭോക്തക്കളെ തെരഞ്ഞെടുത്തത്. പാവപ്പെട്ട ഭവനരഹിതര്‍ക്ക് സുരക്ഷിതവും അത്യാവശ്യ സൗകര്യങ്ങളോടുകൂടിയതുമായ വീട് ഉണ്ടാക്കണമെന്നതാണ് ബിഷപ്പിന്റെ കാരുണ്യദര്‍ശന പദ്ധതി. രണ്ടു മുറി, അടുക്കള, ചെറിയ ഹാള്‍, വരാന്ത, ശുചിമുറി എന്നീ സൗകര്യങ്ങളോട് കൂടിയ 600 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഏഴ് ലക്ഷം രൂപയാണ് നിര്‍മാണത്തിന്റെ ആകെ ചിലവ്. അതില്‍ ഒരു ലക്ഷം രൂപയും സ്ഥലവും ഉപയോക്താവ് കണ്ടെത്തണം. ഒരു ലക്ഷം രൂപ ഇടവക സമൂഹത്തിന്റെ സംഭാവനയാണ്. അഞ്ച് ലക്ഷം രൂപ മൂന്ന് ഗഡുക്കളായി രൂപതയില്‍ നിന്നും നല്‍കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു രൂപത പിഎസ്എസ്പി മേല്‍നോട്ടം വഹിക്കും. ഈ കാരുണ്യ പദ്ധതിയില്‍ പങ്കു ചേരുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പങ്കാളികളാകുവാനും സാധിക്കും. അതിനായി താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സംഭാവന അയയ്ക്കാവുന്നതുമാണ്. CSB A/C NO: 011301869804190001,ബ്രാഞ്ച്- പാലക്കാട്, IFSC: SCBK0000113.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.