ലൈസന്‍സോ ഐസിഎംആര്‍ അംഗീകാരമോ ഇല്ലാതെ കോവിഡ് പരിശോധന: ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു

ലൈസന്‍സോ ഐസിഎംആര്‍ അംഗീകാരമോ ഇല്ലാതെ കോവിഡ് പരിശോധന: ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു

കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തി വന്നിരുന്ന സ്വകാര്യ ലാബ് പൂട്ടിച്ചു. ഇടപ്പള്ളിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്ന ലാബാണ് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിനെ തുടര്‍ന്ന് അടച്ചു പൂട്ടിച്ചത്.

ലാബുടമയ്ക്ക് എതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് നഗരത്തിലെ മറ്റ് സ്വകാര്യ ലാബുകളിലും പരിശോധന നടന്നു വരികയാണ്.

ലാബ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പരിശോധന നടത്തുന്നത് എന്ന പരാതി നേരത്തെ ലഭിച്ചിരുന്നു. കോവിഡ് പരിശോധന നടത്തുന്നതിന് ലൈസന്‍സോ ഐസിഎംആര്‍ അംഗീകാരമോ ഇല്ല. ഇവിടുത്തെ ജീവനക്കാര്‍ ഒരേ പിപിഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവര്‍ത്തിച്ചിരുന്നത്.

കോവിഡ് പരിശോധന ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലയിലെ കോവിഡ് കണക്കുകള്‍ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ കോവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും കൃത്യമായ വിവരങ്ങള്‍ എല്‍.ഡി.എം.എസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകള്‍ ഉറപ്പാക്കണമെന്നും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പരിശോധനക്ക് എത്തുന്നവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധി, വാര്‍ഡ്, ഡിവിഷന്‍ നമ്പര്‍ ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തണം.

മുന്നറിയിപ്പ് നല്‍കിയിട്ടും പരിശോധനയ്ക്കായി എത്തുന്ന വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ വിവിധ ലാബുകള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കോവിഡ് രോഗബാധിതരായ വ്യക്തികളെ ബന്ധപ്പെടുന്നതിനും തുടര്‍ അന്വേഷണം നടത്തുന്നതിനും തടസം സൃഷ്ടിക്കുന്നതിനാല്‍ ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.