കത്തോലിക്കാ സഭയുടെ അവസാന വാക്ക് മാര്‍പാപ്പയുടേത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കത്തോലിക്കാ സഭയുടെ അവസാന വാക്ക് മാര്‍പാപ്പയുടേത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ന്യൂഡല്‍ഹി: ആഗോള കത്തോലിക്കാ സഭയുടെ അവസാന വാക്ക് മാര്‍പാപ്പയുടേതാണെന്നും കത്തോലിക്കാ വിശ്വാസ സംബന്ധിത വിഷയങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും പാലിക്കാനും സഭാ പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും അല്‍മായ വിശ്വാസി സമൂഹത്തിനും കടമയും ഉത്തരവാദിത്വവുമുണ്ടെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

ആഗോള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ പതിപ്പുകളായി തുലനം ചെയ്യാന്‍ ശ്രമിക്കുന്നത് ഭോഷത്തമാണ്. സഭയുടെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനരീതികളും ദൈവശാസ്ത്ര പഠനങ്ങളും സമീപനങ്ങളും ഇതര മതവിഭാഗങ്ങളില്‍ നിന്നുപോലും ഏറെ വ്യത്യസ്തമാണ്.

അനുസരണവും അനുരഞ്ജനവും അച്ചടക്കവും സഭാ സംവിധാനത്തിന്റെ മുഖമുദ്രയായി നിലനില്‍ക്കുന്നു. സ്നേഹത്തിന്റെയും സേവനത്തിന്റെയും പങ്കുവയ്ക്കല്‍ ശുശ്രൂഷകളുടെയും മകുടോദാഹരണമായ കത്തോലിക്കാ സഭ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ചരിത്രമാണുള്ളതെന്ന് ആരും വിസ്മരിക്കരുത്.

ക്രൈസ്തവ സഭകള്‍ക്കുള്ളിലും വിവിധ സഭാ വിഭാഗങ്ങള്‍ തമ്മിലും കൂടുതല്‍ ഐക്യവും പരസ്പര സ്നേഹവും ധാരണകളും ഊട്ടിയുറപ്പിക്കേണ്ട കാലഘട്ടമാണിത്. ആഗോള ഭീകര പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും ക്രൈസ്തവര്‍ക്കുനേരെ തുടരുന്ന അക്രമങ്ങളും വെല്ലുവിളികളും ആക്ഷേപങ്ങളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശക്തിപ്പെട്ടുവരുന്നത് നിസാരവല്‍ക്കരിക്കരുത്.

സഭാ സംവിധാനങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും നുഴഞ്ഞു കയറാന്‍ ഇക്കൂട്ടര്‍ പഴുതുകള്‍ തേടുമ്പോള്‍ ഇവരുടെ ഉപകരണങ്ങളായി വിശ്വാസികള്‍ അധപതിക്കരുത്. സഭയ്ക്കുള്ളിലും സഭാ വേദികളിലും പങ്കുവയ്ക്കേണ്ട ആഭ്യന്തര വിഷയങ്ങള്‍ പൊതുവേദികളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

സഭാ പിതാക്കന്മാര്‍ ആഹ്വാനം ചെയ്യുന്ന ഒരുമയും ഐക്യവും സഭാ സംവിധാനങ്ങളുടെ കെട്ടുറപ്പിനായി നടപ്പിലാക്കുവാന്‍ വൈദികരും അല്‍മായരുമുള്‍ക്കൊള്ളുന്ന വിശ്വാസി സമൂഹം പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തന നിരതരാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.