ക്ഷയരോഗ ബാധിതരെ കണ്ടെത്താന്‍ വീണ്ടും അക്ഷയ കേരളം ക്യാമ്പയിന്‍

ക്ഷയരോഗ ബാധിതരെ കണ്ടെത്താന്‍ വീണ്ടും അക്ഷയ കേരളം ക്യാമ്പയിന്‍

തിരുവനന്തപുരം: ക്ഷയരോഗ ബാധിതരെ കണ്ടെത്താനായി അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും തുടങ്ങി. എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നുവരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്ഷയരോഗം കണ്ടെത്താതെ നിലവില്‍ സമൂഹത്തില്‍ കഴിയുന്ന 1600 ഓളം ക്ഷയരോഗ ബാധിതരെ എങ്കിലും അടുത്ത രണ്ടു മാസത്തിനുള്ളില്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുകയെന്നതാണ് ക്യാമ്പയിനിന്റെ മുഖ്യ ലക്ഷ്യം. കോവിഡ് ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. അത് മറികടക്കാനാണ് പദ്ധതി വീണ്ടും തുടങ്ങുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗ ബാധിതര്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കും. ആ പ്രദേശങ്ങളിലുള്ള വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തും. ടിബി വള്‍നറബിലിറ്റി പട്ടികയില്‍ നിന്നും ക്ഷയരോഗ സാധ്യതയുണ്ടന്ന് കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍ ക്ഷയരോഗനിര്‍ണയം നടത്തും.

കോവിഡ് വാക്സിനേഷന്‍ സെന്ററുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും എത്തുന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും ടിബിയുടേയും കോവിഡിന്റേയും പരിശോധന നടത്തും. ശ്വാസകോശത്തില്‍ ക്ഷയരോഗം ബാധിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ കഴിയുന്ന 15 വയസിന് താഴെയുള്ള എല്ലാവര്‍ക്കും ടെസ്റ്റ് ആന്‍ഡ് ട്രീറ്റ് സമീപനത്തിലൂടെ ഘട്ടംഘട്ടമായി ക്ഷയരോഗ പ്രതിരോധചികിത്സ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ആദിവാസി ഊരുകള്‍, ജയിലുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ചും, അഗതികള്‍ക്കും, പ്രവാസികള്‍ക്കും, തീരപ്രദേശങ്ങളിലുള്ളവര്‍ക്കും, ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും, തുടര്‍സേവനങ്ങളും നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.