സര്‍ക്കാര്‍ പട്ടികയിലെ സീറോ മലബാര്‍ സമുദായത്തിന്റെ പേര്: അവ്യക്തത പരിഹരിക്കണമെന്ന് ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി

സര്‍ക്കാര്‍ പട്ടികയിലെ സീറോ മലബാര്‍ സമുദായത്തിന്റെ പേര്:   അവ്യക്തത പരിഹരിക്കണമെന്ന്  ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി

ചങ്ങനാശേരി: സീറോ മലബാര്‍ സമുദായത്തില്‍ പെട്ടവര്‍ ഔദ്യോഗിക രേഖകളില്‍ സമുദായത്തെ സൂചിപ്പിക്കാന്‍ ആര്‍.സി, എസ്.സി, ആര്‍.സി.എസ്, റോമന്‍ കാത്തലിക്, സിറിയന്‍ കാത്തലിക്, സിറിയന്‍ ക്രിസ്ത്യന്‍ എന്നിങ്ങനെ വിവിധ നാമങ്ങളാണ് കാലാകാലങ്ങളായി ഉപയോഗിച്ചു പോരുന്നത്.

എന്നാല്‍ ജൂണ്‍ നാലിന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം  നമ്പറായി സീറോ മലബാര്‍ കാത്തലിക് (സിറിയന്‍ കാത്തലിക്) എന്ന നാമമാണ് സമുദായത്തിനു നല്‍കിയിരിക്കുന്നത്. ഇതു മൂലം ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് മാത്രമല്ല മറ്റു സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭിക്കുന്നതിനും അഡ്മിഷന്‍, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കും സമുദായാംഗങ്ങള്‍ക്ക് പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു.

അതിനാല്‍ ഇതുവരെ ഈ പേരുകള്‍ ഔദ്യോഗിക രേഖകളില്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് അവ സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയിലെ 163-ാം  നമ്പറിനു തത്തുല്യമായി പ്രഖ്യാപിച്ചുകൊണ്ടും ഇനി മുതല്‍ സീറോ മലബാര്‍ സഭയിലെ സംവരണ രഹിതരില്‍ മറ്റു പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലാത്തവര്‍ സീറോ മലബാര്‍ സിറിയന്‍ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവ് ഉടനടി സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി മുഖ്യമന്ത്രി്ക്കും റവന്യൂ മന്ത്രിക്കും കത്ത് നല്‍കി.

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പി.ആര്‍.ഒ അഡ്വ. ജോജി ചിറയില്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ വിഷയം അവതരിപ്പിച്ചു. ഫാ. ജോസഫ് പനക്കേഴം, ജോബി പ്രാക്കുഴി, ബിനു വെളിയനാടന്‍, ഷിജോ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.