നിപ ഭീതി ഒഴിയുന്നു; സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്: ആരോഗ്യ മന്ത്രി

നിപ ഭീതി ഒഴിയുന്നു; സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ്: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ ഭീതി ഒഴിയുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തില്‍ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 16 പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ്. നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളില്‍ സര്‍വേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു. 44 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിശോധിച്ച 47 ല്‍ 46 പേരുടേയും സാമ്പിൾ നെഗറ്റീവായി. സമ്പർക്കപട്ടികയില്‍ ആകെയുള്ളത് 265 പേരാണ്. ഇവരില്‍ 68 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 12 പേര്‍ക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോഴിക്കോട് താലൂക്കില്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ വാക്സീനേഷന്‍ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. വിദേശത്ത് നിന്ന് ആന്‍റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിര്‍ദ്ദേശം നല്‍കി.

പരിശോധനകൾക്കായി മൊബൈൽ ലാബുകൾ സജ്ജമാക്കും.കോഴിക്കോട് താലൂക്കിൽ നിർത്തി വെച്ച കോവിഡ് വാക്സിനേഷൻ നാളെ പുനരാരംഭിക്കും. നിപ കണ്ടയിന്റ്മെന്റ് സോണിൽ കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

നിപ സമ്പർക്കപ്പട്ടികയിൽ ഉള്ള 265 പേരുടെയും വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. കൂടുതൽ ആവശ്യമെങ്കിൽ പ്രത്യേകം പരിശീലനം നൽകിയിട്ടുള്ള വളണ്ടിയർമാരെ നിയമിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.