മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ്; കടലാസ് ബൂത്ത് കമ്മിറ്റി ഇനിയില്ല, സ്റ്റേജില്‍ ആള്‍ക്കൂട്ടം വേണ്ട: കോണ്‍ഗ്രസില്‍ പുതിയ മാര്‍ഗ്ഗരേഖ

 മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ്; കടലാസ് ബൂത്ത് കമ്മിറ്റി ഇനിയില്ല, സ്റ്റേജില്‍ ആള്‍ക്കൂട്ടം വേണ്ട: കോണ്‍ഗ്രസില്‍ പുതിയ മാര്‍ഗ്ഗരേഖ

തിരുവനന്തപുരം: പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. കേഡര്‍മാരുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കാനാണിത്. കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്പോള്‍ ഡിസിസി പ്രസിഡണ്ടുമാര്‍ വിലയിരുത്തി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകും.

ഗ്രാമങ്ങളിലെ സാമൂഹ്യ,സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണം. അണികളാണ് പാര്‍ട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങളും പരാതികളും ജില്ലാ തലങ്ങളില്‍ തീര്‍ക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നല്‍കും. അവിടെയും തീരാത്ത ഗൗരവ പ്രശ്‌നമെങ്കില്‍ കെപിസിസി ഇടപെടും. വ്യക്തിപരമായി ആരും ഫ്‌ളെക്‌സ് വെക്കരുത്. പാര്‍ട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ഫ്‌ളെക്‌സ് സ്ഥാപിക്കുക.

പാര്‍ട്ടി പരിപാടികളുടെ വേദികളില്‍ നേതാക്കളെ നിയന്ത്രിക്കണം. സംസ്ഥാന നേതാക്കളെ പാര്‍ട്ടി പരിപാടികള്‍ക്കായി പ്രാദേശിക നേതാക്കള്‍ നേരിട്ട് വിളിക്കരുത്. മണ്ഡലം കമ്മിറ്റിയുടേയും ഡിസിസികളുടേയും അനുവാദം വാങ്ങി മാത്രമേ നേതാക്കളെ വിളിക്കാവൂ. വ്യക്തി വിരോധത്തിന്റെ പേരില്‍ ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്.

തിരുവനന്തപുരത്ത് നടക്കുന്ന ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് പി.ടി തോമസാണ് സംസ്ഥാന കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കള്‍ക്കും അണികള്‍ക്കും വേണ്ടി പ്രത്യേക മാര്‍ഗ്ഗരേഖ അവതരിപ്പിച്ചത്. ആള്‍ക്കുട്ടത്തില്‍ നിന്നും കേഡര്‍ പാര്‍ട്ടിയിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ് മാര്‍ഗ്ഗരേഖ. ഡിസിസി പ്രസിഡണ്ടുമാരുടെ അഭിപ്രായം കൂടി ചേര്‍ത്ത് മാര്‍ഗ്ഗരേഖയില്‍ ആവശ്യമായ മാറ്റം വരുത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.