തിരുവനന്തപുരം: ചന്ദ്രിക കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് തെളിവ് നല്‍കാനിരിക്കെ മുന്‍ മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച.
പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജലീലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസില്‍ താനല്ല പരാതിക്കാരനെന്നും മുഖ്യമന്ത്രിയോട് ജലീല്‍ പറഞ്ഞതായാണ് വിവരം.
പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ.ഡി അന്വേഷിക്കണമെന്നുമുള്ള ജലീലിന്റെ ആവശ്യത്തെ കഴിഞ്ഞദിവസം മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. 'കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇ.ഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇ.ഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല' - ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തൊട്ടു പിന്നാലെ സഹകരണ മന്ത്രി വി.എന്‍ വാസവനും ജലീലിനെതിരെ രംഗത്തെത്തിയിരുന്നു. 'സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇ.ഡിയുടെ ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്നായിരുന്നു വാസവന്‍ പറഞ്ഞത്.
അതിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീല്‍ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ.ഡിക്ക് മുമ്പാകെ തെളിവുകള്‍ ഹാജരാകാനാണ് ജലീല്‍ കൊച്ചി യാത്ര.
മുഖ്യമന്ത്രിയെ കണ്ടെന്നും വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും ജലീല്‍ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണുമെന്നും ജലീല്‍ പറഞ്ഞു.
'ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്തേനെ' എന്ന വരികള്‍ എത്ര പ്രസക്തം. ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ.ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും'- ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.