ചെന്നിത്തലയ്‌ക്കൊപ്പം മുല്ലപ്പള്ളിയും ദേശീയ നേതൃത്വത്തിലേയ്ക്ക്; ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയേക്കും

ചെന്നിത്തലയ്‌ക്കൊപ്പം മുല്ലപ്പള്ളിയും ദേശീയ നേതൃത്വത്തിലേയ്ക്ക്; ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: എ.ഐ.സി.സി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മുല്ലപ്പള്ളി രാമചന്ദ്രനും പദവി നല്‍കിയേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയോട് അഭിപ്രായം ആരാഞ്ഞു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ചെന്നിത്തല കെപിസിസി നേതൃത്വത്തിനെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം അദ്ദേഹത്തിന്റെ സ്ഥാനലബ്ദിക്ക് തടസമായേക്കുമെന്ന് കരുതപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെന്നിത്തലയെ എഐസിസി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്ന് സോണിയ നിര്‍ദേശം നല്‍കി.

എന്നാല്‍ പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയേക്കും. പ്രായാധിക്യവും അനാരോഗ്യവുമാണ് എഴുപത്തിയേഴുകാരനായ ഉമ്മന്‍ ചാണ്ടിക്ക് പ്രതികൂലമാകുന്നത്. 2018 ല്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് അവിടെ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല എന്നതും പ്രതികൂല ഘടകമാണ്.

കേന്ദ്ര നേതൃത്വത്തില്‍ മുന്‍പും നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രനെ മുതിര്‍ന്ന നേതാവ് എന്ന നിലയിലും പ്രവര്‍ത്തന പരിചയവും കണക്കിലെടുത്താണ് പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി എഐസിസി ജോയിന്റ് സെക്രട്ടറി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.