കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗോള്‍വാക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗോള്‍വാക്കറിന്റെയും സവര്‍ക്കറിന്റെയും പുസ്തകങ്ങള്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍.

ആര്‍എസ്എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പൊതുവെ ഉയര്‍ന്നു വരുന്ന പരാതി. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്.

രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്ന ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണ് ഇത്. ബ്രണ്ണനിലെ അധ്യാപകര്‍ തന്നെ സിലബസ് തയ്യാറാക്കി നല്‍കുകയും അത് വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയും ചെയ്തുവെന്നാണ് കിട്ടുന്ന വിവരം.

വി.ഡി സവര്‍ക്കറുടെ ആരാണ് ഹിന്ദു, എം.എസ് ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്്, ബല്‍രാജ് മധോകിന്റെ ഇന്ത്യനൈസേഷന്‍; വാട്ട് വൈ ആന്റ് ഹൗ എന്നീ പുസ്തകങ്ങളാണ് പുതുതായി സിലബസില്‍ ഉള്‍പ്പെടുത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.