തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് വീണ്ടും പേരുചേർക്കുന്നതിന് അവസരം. തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരനാണ് അറിയിച്ചത്.
വോട്ടർപട്ടികയിൽ പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം നടത്താനും lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷകൾ നല്‍കേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാൻ കഴിയും. ഒക്ടോബർ 31 വരെയുള്ള അപേക്ഷകളും പരാതികളും പരിശോധിച്ച് നവംബര്‍ 10-ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാനാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനായിരുന്നു പ്രസിദ്ധീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 2,71,20,823 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുളളത്.
1,29,25,766 പുരുഷൻമാര്‍, 1,41,94,775 സ്ത്രീകള്‍, 282 ട്രാന്‍സ്ജെന്റര്‍മാര്‍ എന്നിങ്ങനെയാണ് വോട്ടർപട്ടികയിലുൾപ്പെട്ടവരുടെ എണ്ണം. കൊവിഡ് സാഹര്യത്തിൽ കർശന മാർഗനിർദേശങ്ങളോടെയാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണത്തിനും വോട്ടെടുപ്പിനും പുറമെ തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനും കൊവിഡ് നിയന്ത്രണം ബാധകമാണ്. വോട്ടെണ്ണലിനും ആരോഗ്യമാനദണ്ഡങ്ങൾ കർശനമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ തലേദിവസം അണുവിമുക്തമാക്കണം. കൗണ്ടിങ് ഓഫീസർമാരും സ്ഥാനാർഥികളും ഏജന്റുമാരും നിർബന്ധമായും കൈയുറയും മാസ്കും ഉപയോഗിക്കണം. ഹാളിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധം. കൃത്യമായ അകലം പാലിച്ചുവേണം കൗണ്ടിങ് ടേബിൾ സജ്ജമാക്കാൻ തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.