പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റി

പാലാ ബിഷപ്പിനെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: നാര്‍ക്കോടിക്‌സ് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്ത് വന്ന മണ്ഡലം കമ്മിറ്റിയുടെ നിലപാടിനെ പേരെടുത്ത് പറയാതെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി രംഗത്ത് വന്നത്. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പാലാ മണ്ഡലം കമ്മിറ്റിയുടെ നിലപാടിനെതിരായ വിശദീകരണം വന്നിരിക്കുന്നത്.

'ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സ് നിലപാടല്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിര്‍ക്കും,' - എന്നാണ് ഫെയ്‌സ്ബുക് പേജില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.

ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കും. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവന പാലാ മണ്ഡലം കമ്മിറ്റിയുടെ വികാരമാണെന്നും പാലാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് പറഞ്ഞു. നാര്‍ക്കോട്ടിക്‌സ് ജിഹാദ് വിഷയത്തില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഇത്തരം പ്രചരണങ്ങള്‍ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.