ഷാർജ പോലുളള സ്റ്റേഡിയത്തില്‍ നമുക്കറിയാം ചില വിക്കറ്റുകള്‍ അല്പം ബുദ്ധിമുട്ടുളളത് ഉണ്ടായിരുന്നു. ആദ്യം റണ്ണൊഴുകുന്ന വിക്കറ്റുകള്‍ക്ക് ശേഷം പിന്നീട് ചില വിക്കറ്റുകള്‍ പന്ത് അല്പം പതുക്കെയാക്കി പിന്നീട് നില്ക്കുന്ന രീതിയിലേക്ക് മാറുന്നുണ്ടായിരുന്നു. എന്നാല്‍ വെളളിയാഴ്ചത്തെ ചെന്നൈ മുംബൈ മത്സരം നടന്ന വിക്കറ്റിന് അത്തരത്തിലൊരു പ്രശ്നവുമില്ലായിരന്നു. അസ്വാരസ്യം നിറഞ്ഞ ഒരു ഡ്രെസിംഗ് റൂമിന്‍റെ പ്രതിഫലമാണ് ചെന്നൈയുടെ പ്രകടത്തില്‍ കണ്ടത്. ഒരു ലക്ഷ്യത്തിലേക്ക് ഒരു മനസോടെയല്ല ടീം അംഗങ്ങള്‍ കളിക്കുന്നത്. എല്ലാവരും കളിക്കുന്നുണ്ടെങ്കില്‍ പോലും റോളെന്താണെന്ന് മനസിലാക്കാതെ കളിക്കുന്നത് പോലെ തോന്നി പലപ്പോഴും. ഒരു സ്പാർക്കില്ലാത്ത ചെറുപ്പക്കാരാണെന്നുളള വിമർശനം ധോനി ഉന്നയിച്ചതിന് ശേഷം മുംബൈക്ക് എതിരെ റുത് രാജ് ഗെയ്ക്ക് വാദിന് അവസരം കൊടുക്കുന്നു. ഓപ്പണിംഗില്‍ കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല.
പരീക്ഷിച്ച യുവ താരങ്ങള്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ലയെന്നുളളത് ചെന്നൈ ടീമിന്‍റെ ഈ സീസണിന്‍റെ പ്രതിഫലമായികൂടി കാണേണ്ടിവരുന്നു. ജഗദീഷിന് ന്യൂ ബോളില്‍ കളിക്കാനുളള അവസരം തമിഴ്നാട് രജ്ഞി ക്രിക്കറ്റില്‍ തന്നെ കിട്ടുമോയെന്ന് സംശയമാണ്. ആദ്യ പന്തില്‍ തന്നെ അദ്ദേഹം പുറത്താകുന്നു. അംബാട്ടി റായിഡുവും ഡുപ്ലെസിയും പുറത്തായതും നല്ല ബൌളിംഗും മോശം ഷോട്ട് സെലക്ഷനും കൊണ്ടാണെന്ന് പറയാം. വിക്കറ്റുകള്‍ പോയി നില്‍ക്കുമ്പോള്‍ നല്ല കൂട്ടുകെട്ടിന് ശ്രമിക്കുന്നതിന് പകരം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കളയുന്നു. അതിന് ശേഷം പിടിച്ചു നില്ക്കണോ നല്ല സ്കോറിംഗിന് ശ്രമിക്കണോ അതോ സ്വന്തം കാര്യം നോക്കണോയെന്നൊന്നും അറിയാത്ത ചില കൂട്ടുകെട്ടുകള്‍. സാം കരണിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ബാറ്റിംഗില്‍ ലക്ഷ്യമില്ലാത്ത രീതിയിലേക്ക് ടീമെത്തിയിരുന്നുവെന്ന് പറയാതെ വയ്യ. അതു തന്നെയാണ് ചെന്നൈയുടെ തകർച്ചക്ക് വഴിവച്ചത്. വയസന്‍ പടയുടെന്നുളള വിമർശനം കേള്‍ക്കുന്ന ടീമാണ് എന്നാല്‍ ചില താരങ്ങളുടെ പ്രായവും സാന്നിദ്ധ്യവും ടീമിന് ഭാരമായിട്ടുണ്ട്. മാത്രമല്ല ചില താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ടീമിന്‍റെ ഭാഗമാകാതെ തിരിച്ച് പോയതും ചെന്നൈയ്ക്ക് തിരിച്ചടിയായി.
ഇതില്‍ നിന്നും വ്യത്യസ്തമായി മുംബൈ ഇന്ത്യന്‍സിലേക്ക് നോക്കുമ്പോള്‍ അനുകൂല റിസല്‍റ്റില്ലാതെയാകുമ്പോഴും ഒത്തിണക്കത്തോടെ കളിക്കാന്‍ അവർക്ക് സാധിക്കുന്നു.ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ സ്ലിംഗും അദ്ദേഹത്തിന്‍റെ പ്രതിഭയും ഏത് നല്ല ടോപ് ഓർഡർ ബാറ്റ്സ്മാന്മാരും ശ്രദ്ധിച്ച് കളിക്കേണ്ടിവരുന്ന രീതിയിലാണ് . ഗെയ്ക് വാദിന് ബോള്‍ട്ടെറിയുന്ന പന്തിനെതിരെ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.അടുത്ത ഓവർ എറിയാനെത്തുന്നത് ജസ്പ്രീത് ബുംറ. നമുക്കറിയാം അദ്ദേഹത്തിനെതിരെ എത്രത്തോളം സൂക്ഷിച്ചാണ് കളിക്കേണ്ടി വരികയെന്നുളളത്. അംബാട്ടി റായിഡുവിനെതിരെ ആദ്യ ബൌണ്‍സർ എറിയുന്നു. രണ്ട് റണ്സ് നേടുന്നു.
വീണ്ടുമൊരു ബൌണ്‍സർ. യാതൊരു ക്ലൂവുമില്ലാതെ ബാറ്റുവീശി റായിഡു പുറത്താകുന്നു. അടുത്തത് ജഗദീശിനെ പോലൊരു താരത്തിന് കൈകാര്യം ചെയ്യാന് പറ്റുന്നതിനേക്കാള്‍ നല്ല പന്തെറിയുന്നു.ജഗദീഷും പുറത്ത്. ചുരുക്കത്തില്‍ മുംബൈ ടീമിലെ ഓരോരുത്തർക്കും എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് കളിക്കേണ്ടതെന്നും കൃത്യമായ ബോധ്യമുണ്ടായിരുന്നു. പൊളളാർഡിന്‍റെ ക്യാപറ്റന്‍സി കൂടിയായപ്പോള്‍ മുംബൈ നല്ല ടീമായി മാറി. പരാജയത്തില്‍ നിന്നും തിരിച്ചുവരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ലാത്ത ടീം. കൃണാല്‍ പാണ്ഡ്യയും രാഹുല്‍ ചാഹറും നന്നായി പന്തെറിയുന്നു. ക്യാപറ്റനായ രോഹിത് ശർമ്മ ഇല്ലാതെ കളിച്ചതൊന്നും അവരുടെ ആത്മവിശ്വാസത്തിന് പോറലേല്പിച്ചിട്ടില്ലെന്ന് തന്നെ പറയാം. അതിന് കാരണം ഈ സീസണില്‍ കപ്പുയർത്താനടക്കം ശക്തമാണ് മുംബൈ ഇന്ത്യനസിന്‍റെ അടിത്തറയെന്നുളളത് തന്നെ.
സ്കോർ CSK 114/9 (20)MI 116/0 (12.2)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.