അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 11
ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ റോമന്‍ സാമ്രാജ്യത്തിന്റെ ഈജിപ്തിലേയും സിറിയയിലേയും ഭരണാധികാരിയായിരുന്ന മാക്‌സിമിന്‍ഡായുടെ കാലത്ത് (305-313) വലത് കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട സന്യാസിവര്യനായിരുന്നു 'പഫ്‌നൂഷിയസ് ദ കണ്‍ഫെസര്‍' എന്നറിയപ്പെടുന്ന വിശുദ്ധ പഫ്‌നൂഷിയസ്. വിശുദ്ധ അന്തോണീസിന്റെ ശിഷ്യത്വം സ്വീകരിച്ച് ഈജിപ്തിലെ മരുഭൂമിയിലും മറ്റും ഏറെക്കാലം ചിലവഴിച്ച അദ്ദേഹം പിന്നീട് അപ്പര്‍ തെബൈഡിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു.
വിശ്വാസത്തിനു വേണ്ടി വളരെയധികം സഹിച്ച വ്യക്തിയെന്ന നിലയില്‍ നിക്യാസൂനഹദോസില്‍ അദ്ദേഹത്തിന് ഏറെ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്നു. വിശുദ്ധ അത്തനേഷ്യസിനോട് ഏറെ അടുപ്പം കാത്തു സൂക്ഷിച്ച ബിഷപ്പ് പഫ്‌നൂഷിയസ് 335 ലെ ടൈര്‍ സൂനഹദോസില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ആര്യാനിസമെന്ന പാഷണ്ഡതയെ എതിര്‍ക്കുവാനായി വിളിച്ചു കൂട്ടിയ ആദ്യത്തെ സഭാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മാക്‌സിമിന്‍ഡായുടെ കാലത്ത് നടന്ന ക്രൂരമായ പീഡനങ്ങള്‍ കൊണ്ട് പഫ്‌നൂഷിയസിന്റെ വിശ്വാസത്തെ തടയുവാന്‍ സാധ്യമല്ല എന്ന് കണ്ടതിനാല്‍ ഖനികളില്‍ കഠിനമായ ജോലി ചെയ്യുവാന്‍ അദ്ദേഹത്തെ നിയോഗിച്ചു. 311 നും 313 നും ഇടക്ക് ക്രിസ്തുമതത്തിന് നേരെയുള്ള ഭരണാധികാരികളുടെ മനോഭാവത്തില്‍ മാറ്റം കണ്ടു തുടങ്ങി. 312-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിക്കുകയും അടുത്ത വര്‍ഷം തന്നെ ക്രിസ്തുമതം നിയമ വിധേയമാക്കുകയും ചെയ്തു.
മതപീഡനത്തെ അതിജീവിച്ച ബിഷപ്പ് പഫ്‌നൂഷിയസിനെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വളരെയേറെ ആദരവോടെയാണ് കണ്ടിരുന്നത്. അപ്പര്‍ തെബൈഡിലെ അരമനയിലെത്തി പഫ്‌നൂഷിയസുമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. വിശുദ്ധന്റെ കണ്ണ് നഷ്ടപ്പെട്ട മുറിവില്‍ ചുംബിച്ചുകൊണ്ടായിരുന്നു ചക്രവര്‍ത്തി തന്റെ ബഹുമാനം കാണിച്ചത്.
നിസിയ സഭാ സമ്മേളനത്തിനു ശേഷം ഉടലെടുത്ത സൈദ്ധാന്തികമായ ആശയക്കുഴപ്പങ്ങളില്‍ യേശുവിന്റെ എന്നെന്നും നിലനില്‍ക്കുന്ന അസ്ഥിത്വത്തെ പഫ്‌നൂഷിയസ് ഉയര്‍ത്തിപ്പിടിച്ചു. അങ്ങനെ അലെക്‌സാണ്ട്രിയായിലെ വിശുദ്ധ അത്തനാസിയൂസിനും മറ്റ് സഭാ നേതാക്കള്‍ക്കും ഒപ്പം നിന്നുകൊണ്ട് യാഥാസ്ഥിതിക ക്രിസ്തീയതയെ അദ്ദേഹം സംരക്ഷിച്ചു.
വിശുദ്ധ പഫ്‌നൂഷിയസിന്റെ ജനനം പോലെ തന്നെ അദ്ദേഹം മരണപ്പെട്ട ദിവസത്തേക്കുറിച്ചും കൃത്യമായ വിവരങ്ങളില്ല. എന്നിരുന്നാലും റോമന്‍ മാര്‍ട്ടിറോളജിയില്‍ അദ്ദേഹത്തിന്റെ മരണ ദിവസം സെപ്റ്റംബര്‍ 11 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഫ്രാന്‍സിലെ അല്‍മീറൂസ്
2. ടൂള്‍ ബിഷപ്പായിരുന്ന ബോഡോ
3. ബാങ്കോര്‍ ബിഷപ്പായിരുന്ന ഡാനിയേല്‍
4. ഡിയോഡോറസ് ഡിയോമീട്‌സ്, ഡീസിമൂസ്
5. വേര്‍സെല്ലി ബിഷപ്പായിരുന്ന എമീലിയന്‍
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.