കൊല്ലം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും കിരണ്‍കുമാര്‍ പീഡനം തുടര്‍ന്നുവെന്ന് ശാസ്താംകോട്ട ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പില്‍ എ.എം.വി.ഐ ആയിരുന്ന കിരണ്‍കുമാര്‍ കൂടുതല്‍ സ്ത്രീധനം കിട്ടുമെന്ന പ്രതീക്ഷയിലാണ് വിസ്മയയെ വിവാഹം കഴിച്ചത്. പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വന്നതോടെ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. സ്ത്രീധനമായി കിട്ടിയ കാര്‍ ഇഷ്ടപ്പെടാത്തതായിരുന്നു പ്രധാനകാരണം. 2020 ആഗസ്റ്റ് 29ന് കിഴക്കേകല്ലടയിലും 2021 ജനുവരി രണ്ടിന് വിസ്മയയുടെ വീടിന് മുന്നില്‍ വെച്ചും കിരണ്‍കുമാര്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം നടത്തി. ഇതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് വിസ്മയ പറഞ്ഞിട്ടും തുടര്‍ന്നും പീഡിപ്പിച്ചു.
കിരണ്‍കുമാറിന്റെ പീഡനങ്ങളെക്കുറിച്ച് വിസ്മയ അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഫോണുകളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'രക്ഷിക്കണം' എന്ന വിസ്മയയുടെ സന്ദേശം കിരണ്‍കുമാറിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്ന് ലഭിച്ചു. കിരണ്‍കുമാറില്‍ നിന്നുള്ള പീഡനങ്ങളെക്കുറിച്ച് വിസ്മയ വിവരിച്ചിരുന്നതായി മെന്റലിസ്റ്റിന്റെ മൊഴിയുണ്ട്. അതേസമയം വിസ്മയയുടേത് കൊലപാതമാണെന്ന ആരോപണത്തിന് തെളിവില്ല. ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, കൊല്ലം റൂറല്‍ എസ്.പി കെ.ബി. രവി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ കുറ്റപത്രം ശാസ്താംകോട്ട ഡിവൈ.എസ്.പി പി. രാജ്കുമാറാണ് സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂണ്‍ 21ന് പുലര്‍ച്ചെ മൂന്നിനാണ് വിസ്മയയെ കിരണ്‍കുമാറിന്റെ വസതിയായ ചന്ദ്രഭവനത്തിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ അറസ്റ്റിലായ കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്. 80-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കിരണ്‍കുമാറിന് ജയിലില്‍ കഴിഞ്ഞു തന്നെ വിചാരണ നേരിടേണ്ടി വരും.
മോട്ടോര്‍ വാഹനവകുപ്പ് വകുപ്പുതല അന്വേഷണം നടത്തി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഉദ്യോഗത്തിന്റെ വലിപ്പം പറഞ്ഞാണ് കിരണ്‍കുമാര്‍ പലപ്പോഴും വിസ്മയയെ പീഡിപ്പിച്ചിരുന്നത്. സംഭവം നടന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലും മോശമായി പെരുമാറിയിരുന്നു. നിലമേല്‍ കൈതോട് കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകളാണ് വിസ്മയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.