മാര്‍ കല്ലറങ്ങാട്ടിന്റെ വെളിപ്പെടുത്തലിന് പിന്തുണയേറുന്നു; ലൗ ജിഹാദിന് തെളിവാണ് നിമിഷയും സോണിയയുമെന്ന് ദീപിക മുഖപ്രസംഗം

മാര്‍ കല്ലറങ്ങാട്ടിന്റെ വെളിപ്പെടുത്തലിന് പിന്തുണയേറുന്നു; ലൗ ജിഹാദിന് തെളിവാണ് നിമിഷയും സോണിയയുമെന്ന് ദീപിക മുഖപ്രസംഗം

'ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയേണ്ടിവരും'

'സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല'

'സമുദായ സൗഹാര്‍ദത്തിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ്'?

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദിന് പുറമേ നാര്‍കോട്ടിക് ജിഹാദുമുണ്ടെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വെളിപ്പെടുത്തലിന് സഭാ സമൂഹത്തില്‍ നിന്നും പുറത്തു നിന്നും പിന്തുണയേറുന്നു. നിഷ്പക്ഷ നിലപാടുള്ള നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പിതാവിന് പിന്തുണ അറിയിക്കുന്നത്.

ലൗ ജിഹാദിന് തെളിവ് ചോദിക്കുന്നവര്‍ക്ക് ഉത്തരമാണ് നിമിഷ ഫാത്തിമയും സോണിയ എന്ന ആയിഷയുമെന്ന് വ്യക്തമാക്കി ദീപിക ദിനപ്പത്രം ഇന്ന് മുഖപ്രസംഗമെഴുതി.

'പാലാ ബിഷപ്പിന്റെ പ്രസംഗത്തെ വിമര്‍ശിച്ച രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിക്കുന്നു. ആരെയെങ്കിലും ഭീഷണികള്‍കൊണ്ടു നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നത്. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്.

ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടു ബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്കേണ്ട കാര്യമില്ല. പക്ഷേ, യഥാര്‍ഥ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണന രാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാര രംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല'- മുഖപ്രസംഗം വ്യക്തമാക്കുന്നു.

ദീപിക മുഖപ്രസംഗം പ്രസക്തഭാഗങ്ങള്‍:

'മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും, നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതുകേട്ടു മറ്റുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ്.? സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ബിഷപ് ശ്രമിച്ചു എന്നാണു ചിലരുടെ ആരോപണം. സമുദായ സൗഹാര്‍ദത്തിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ്?

ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാല്‍, സമൂഹ നന്മയും സമുദായ ഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയേണ്ടിവരും. യഥാര്‍ഥ സമുദായ സൗഹാര്‍ദം അതുകൊണ്ടു തകരില്ല. എല്ലാ സമുദായങ്ങളും പരസ്പരം സഹകരിച്ചും ആരെയും ദ്രോഹിക്കാതെയും നേടിയെടുക്കേണ്ടതാണ് സമുദായ സൗഹാര്‍ദം. വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്.

താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ മാര്‍ കല്ലറങ്ങാട്ട് ഹാജരാക്കണമെന്നാണ് ചിലരുടെ ആവശ്യം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവു കണ്ടെത്തണ്ടതു പോലീസിന്റെ ജോലിയാണ്.

ബിഷപ് വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യ രാജ്യത്തില്‍ ഒരു സഭാ മേലധ്യക്ഷന് തന്റെ ആശങ്കകള്‍ വിശ്വാസി സമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേ. അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമോ ഏകാധിപത്യ രാജ്യമോ ആയിട്ടില്ല.'



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.