ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി; പ്രമുഖരെ ഒഴിവാക്കി അപ്രതീക്ഷിത പ്രഖ്യാപനം

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി; പ്രമുഖരെ ഒഴിവാക്കി അപ്രതീക്ഷിത പ്രഖ്യാപനം

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് പ്രഖ്യാപനം നടത്തിയത്. മറ്റ് പല പ്രമുഖരുടെ പേരുകളാണ് തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെങ്കിലും ഭൂപേന്ദ്ര പട്ടേലിന് അപ്രതീക്ഷിതമായി നറുക്ക് വീഴുകയായിരുന്നു.

വിജയ് രൂപാണി ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനമനുസരിച്ചാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്നാണ് പറയുന്നതെങ്കിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ബാക്കി പത്രമാണ് ഗുജറാത്തിലെ പുതിയ സംഭവ വികാസങ്ങള്‍. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും.

മുന്‍ മുഖ്യമന്ത്രി ആനന്ദിബന്‍ പട്ടേല്‍ വിജയിച്ചിരുന്ന മണ്ഡലമായ ഘട്ലോദിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഭൂപേന്ദ്ര പട്ടേല്‍. 1.1 ലക്ഷം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. ആദ്യമായാണ് നിയമസഭയിലെത്തിയത്. നേരത്തെ അഹമ്മദാബാദ് അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാനായിരുന്നു.

ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി രാജിവെച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നേതൃത്വത്തിന്റെ മുഖം മിനുക്കലിന്റെ ഭാഗമായാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ ആളെ കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ രൂപാണി പൂര്‍ണ പരാജയമായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കൂടാതെ ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീലുമായി ഭിന്നതകളുണ്ടായതും രൂപാണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ എംഎല്‍എമാര്‍ രംഗത്തു വന്നതിനാല്‍ പാര്‍ട്ടിക്ക് മേല്‍നോട്ട സംവിധാനം ഉണ്ടാക്കേണ്ടി വന്നു. അടുത്ത മുഖ്യമന്ത്രി സമുദായത്തില്‍ നിന്നാവണമെന്ന് പട്ടേല്‍ സംഘടനകള്‍ ആവശ്യപ്പെട്ടതും ജൈന വിഭാഗക്കാരനായ വിജയ് രൂപാണിക്ക് ക്ഷീണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.