അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 13
പൗരസ്ത്യ സഭയിലെ നാലു മഹാ പിതാക്കന്മാരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ ഈ വിശുദ്ധനും ഉള്‍പ്പെടുന്നു.
എ.ഡി 347 ല്‍ അന്ത്യോക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. നിസ്തുലനായ ഈ വേദപാരംഗതന് 'ക്രിസോസ്റ്റം' എന്ന അപരനാമം ലഭിച്ചത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സൂചനയായിട്ടാണ്. 'സ്വര്‍ണ്ണ നാവുകാരന്‍' എന്നാണ് ഇതിനര്‍ത്ഥം.
ലത്തീന്‍കാരനും സിറിയയിലെ സൈന്യാധിപനുമായിരുന്ന സെക്കുന്തൂസിന്റെ ഏക പുത്രനായിരുന്നു ജോണ്‍. മാതാവ് ഗ്രീക്ക് വംശജയായ അന്തൂസയ്ക്ക് 20 വയസുള്ളപ്പോള്‍ സെക്കുന്തൂസ് മരിച്ചു. എങ്കിലും ഭക്തയായ ആ സ്ത്രീ ഒരു പുനര്‍വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല.
തന്റെ ഏക മകനെ ദൈവ ഭക്തിയില്‍ വളര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ലോകത്തിന്റെ ആര്‍ഭാടങ്ങളില്‍ നിന്നും ആകര്‍ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാന്‍ ജോണ്‍ ആഗ്രഹിച്ചു. ഏകാന്തതയായിരുന്നു അവനു പ്രിയം.
യുവാവായിരിക്കെ ജോണ്‍ അന്ത്യോക്യയിലെ പാത്രിയാര്‍ക്കീസായിരുന്ന മെലത്തിയൂസിന്റെ ശിക്ഷണത്തിലായത് ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടു. മെലത്തിയൂസ് അവനെ ഡിയോഡോറെയിലെ ആശ്രമ വിദ്യാലയത്തില്‍ അയച്ചു പഠിപ്പിക്കുകയും പിന്നീട് ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. യൗവനത്തില്‍ പരുപരുത്ത ഒരു വസ്ത്രമാണ് അവന്‍ ധരിച്ചിരുന്നത്.
തന്റെ സമയത്തിന്റെ മുഖ്യപങ്കും അവന്‍ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ ഗ്രന്ഥ പാരായണത്തിനുമായി നീക്കിവച്ചു. അങ്ങനെ സദാ ദൈവൈക്യത്തിലും ജ്ഞാനത്തിലും വളര്‍ന്നു. അനുദിനം അവന്‍ ഉപവസിച്ചിരുന്നു. ഇരുപത്താറ് വയസായപ്പോഴേക്ക് അവന്‍ പൗരോഹിത്യത്തെപ്പറ്റി ആറ് ഗ്രന്ഥങ്ങള്‍ രചിച്ചു.
മുപ്പതാമത്തെ വയസില്‍ ജോണ്‍ അടുത്തുള്ള ഒരു മലയിലേക്കു താമസം മാറ്റി. ആറ് വര്‍ഷം അങ്ങനെ ഏകാന്തതയില്‍ ജീവിച്ചു. ക്രിസ്തീയമായ നിശ്ശബ്ദതയുടെ കല അഭ്യസിച്ചതിനു ശേഷം അന്ത്യോക്യയിലേക്കു തിരിച്ചുപോന്നു. 386 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനായി ഫാദര്‍ ജോണ്‍ അഭിഷിക്തനായി. അതുവരെ നിരന്തരം അന്ത്യോക്യയില്‍ തീക്ഷ്ണമതിയായ ഒരു പുരോഹിതനായി അദ്ദേഹം അദ്ധ്വാനിച്ചു.
ബിഷപ്പ് ജോണിന്റെ പ്രഭാഷണങ്ങള്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കി. ആ വാഗ്ധോരണി ശ്രോതാക്കളുടെ ഹൃദയങ്ങളെ ഇളക്കി മറിച്ചു. വിശുദ്ധ കുര്‍ബാനയായിരുന്നു അദ്ദേഹത്തിന്റെ ജീവിത കേന്ദ്രം. എല്ലാവരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം അന്നുവരെ നിലവിലിരുന്ന ലിറ്റര്‍ജിയുടെ ദൈര്‍ഘ്യം കുറച്ചു.
അങ്ങനെ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിന് തടസമായിരുന്ന മുടന്തന്‍ ന്യായങ്ങളുടെ മുനയൊടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ബിഷപ്പ് ജോണ്‍ ബലി അര്‍പ്പിക്കുമ്പോള്‍ വിശുദ്ധര്‍ സ്വര്‍ഗത്തില്‍ നിന്ന് തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ് ഇറങ്ങിവന്ന് കുര്‍ബാനയെ ആരാധിക്കുന്നതായി കണ്ടുവെന്ന് വിശുദ്ധ നീലൂസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹം എല്ലാവര്‍ക്കും പ്രീയപ്പെട്ടവനായിരുന്നു. എന്നാല്‍ തിന്മകളോട് നിരന്തരം പോരാടിയിരുന്ന അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ നിരവധി ശത്രുക്കളെ സൃഷ്ടിച്ചു. അവര്‍ അദ്ദേഹത്തെ നാടുകടത്താന്‍ കുതന്ത്രങ്ങള്‍ സ്വീകരിച്ചു. 403 ല്‍ ബിഷപ്പ് ജോണ്‍ ആദ്യമായി നാടുകടത്തപ്പെട്ടുവെങ്കിലും താമസിയാതെ തിരിച്ചു വിളിക്കപ്പെട്ടു. എന്നാല്‍ അത് താല്‍ക്കാലികമായ ഒരാശ്വാസം മാത്രമായിരുന്നു.
അലക്സാണ്ട്രിയായിലെ ആര്‍ച്ചു ബിഷപ്പായിരുന്ന തെയോഫിലസ്റ്റിനും എവുജോക്സിയ ചക്രവര്‍ത്തിക്കും എതിരായി ബിഷപ്പ് ജോണ്‍ നടത്തിയ അഴിമതിയാരോപണങ്ങള്‍ അവരെ പ്രകോപിപ്പിച്ചു. രണ്ടുപ്രാവശ്യം 404 ലും 407 ലും അവര്‍ അദ്ദേഹത്തെ നാടുകടത്തിച്ചു.
വിപ്രവാസത്തില്‍ അദ്ദേഹം അര്‍ധ പട്ടിണിയും തണുപ്പും പലതരം കഷ്ടതകളും അനുഭവിച്ചു. ഈ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രസന്നതയ്ക്കോ മറ്റുള്ളവരോടുള്ള പരിഗണനയ്ക്കോ കുറവൊന്നുമുണ്ടായില്ല. വിപ്രവാസത്തില്‍ തന്നെ 407 ല്‍ അദ്ദേഹം അന്തരിച്ചു.
1204 ല്‍ വിശുദ്ധന്റെ ഭൗതീക ശരീരം റോമിലെ സെന്റ് പീറ്റേഴ്‌സിലേക്ക് കൊണ്ട് വന്നെങ്കിലും 2004 നവംബര്‍ 27 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ അത് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് തിരികെ കൊടുത്തു. വെള്ളിയും, രത്‌നവും കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിന്റെ ഉത്തരഭാഗത്തുള്ള അതോസ് മലയിലെ വടോപേടി ആശ്രമത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ നിരവധി അത്ഭുതകരമായ രോഗശാന്തികള്‍ നടന്നിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിശുദ്ധന്റെ വലത് കരവും അതോസ് മലയിലെ ആശ്രമത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സ്വിറ്റ്‌സര്‍ലന്‍ഡിലെ അമാത്തൂസ്
2. അലക്‌സാണ്ട്രിയായിലെ എവുളോജിയൂസ്
3. ബര്‍സെനോരിയൂസ്
4. കൊളുമ്പീനൂസ്
5. സിയോണ്‍ ബിഷപ്പായിരുന്ന അമാത്തൂസ്
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.