നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: ലഹരി കലര്‍ത്തിയത് കുപ്പി വെള്ളത്തില്‍; പിന്നില്‍ അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച് പൊലീസ്

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച: ലഹരി കലര്‍ത്തിയത് കുപ്പി വെള്ളത്തില്‍; പിന്നില്‍ അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച് പൊലീസ്

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കവര്‍ച്ച നടത്തിയത് യുപി സ്വദേശിയും കുപ്രസിദ്ധ മോഷ്ടാവുമായ അസ്ഹര്‍ പാഷയെന്ന് ഉറപ്പിച്ച് പൊലീസ്. ഇയാള്‍ ആഗ്രയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാന്‍ പോയപ്പോള്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. അന്വേഷണം തമിഴ്നാട് റെയില്‍വേ സംരക്ഷണ സേനക്കു കൈമാറും.

അസ്ഹര്‍ പാഷ ആഗ്ര മുതല്‍ കവര്‍ച്ചക്ക് ഇരയായവരുടെ സീറ്റിനടുത്തുണ്ടായിരുന്നു. ആലപ്പുഴയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് ആര്‍പിഎഫ് വ്യക്തമാക്കി. വെള്ളം കുടിച്ചശേഷമാണ് ബോധം നഷ്ടപ്പെട്ടതെന്ന് സ്ത്രീകളുടെ മൊഴിയില്‍ പറയുന്നു. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചു. എസ് 2 കോച്ചിലുണ്ടായിരുന്ന യാത്രക്കാരിയുടെ മൊബൈലും മോഷ്ടിച്ചു. ഈ യാത്രക്കാരിയും ഗുളിക കഴിക്കാന്‍ കുപ്പിയില്‍ വെള്ളം സൂക്ഷിച്ചിരുന്നു.

തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകള്‍ അഞ്ജലിയേയും കോയമ്പത്തൂര്‍ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് മയക്കി കിടത്തി കൊള്ളയടിച്ചത്. ചെങ്ങന്നൂരിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകള്‍ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

വിജയകുമാരിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും. രാവിലെ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയില്‍ കണ്ടെത്തിയത്. വിജയകുമാരിയെ പൊലീസ് വിളിച്ചെണീച്ചപ്പോള്‍ ആണ് കൊള്ളവിവരം പുറത്തറിയുന്നത്. ആര്‍പിഎഫ് തൈക്കാട് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിസ്സാമുദ്ദീന്‍ എക്‌സ്പ്രസ്സിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി ഗൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. ഗൗസല്യ കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയിനിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.