ഡി രാജയ്ക്കെതിരായ പരസ്യവിമര്‍ശനം: കാനത്തിനെതിരെ ഇസ്മായില്‍ പക്ഷം

ഡി രാജയ്ക്കെതിരായ പരസ്യവിമര്‍ശനം: കാനത്തിനെതിരെ ഇസ്മായില്‍ പക്ഷം

തിരുവനന്തപുരം: സിപിഐയില്‍ ഗ്രൂപ്പ് പോര് വീണ്ടും സജീവമാവുകുന്നു. ഡി രാജയ്‌ക്കെതിരായ കാനത്തിന്റെ വിമര്‍ശനം ആയുധമാക്കി ഇസ്മായില്‍ പക്ഷം. കാനത്തിന്റെ പ്രസ്താവന ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന പരാതി ഇന്നയിച്ച് ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു.

കാനത്തിന്റെ വിമര്‍ശനം അസാധാരണവും അനുചിതവുമാണെന്ന് കെ ഇ ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജനറല്‍ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന സംസ്ഥാന സെക്രട്ടറി തന്നെ നടത്തിയത് ശരിയായില്ലെന്നും ഇസ്മായില്‍ വ്യക്തമാക്കി. ഇസ്മായില്‍ പക്ഷത്തെ പ്രധാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ ഫോണില്‍ ബന്ധപ്പെട്ടും കാനത്തിനെതിരെ പരാതി അറിയിച്ചു.

ജനറല്‍ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ദേശീയ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി നേതൃ യോഗങ്ങളില്‍ ഉയര്‍ന്നു വന്ന വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയ കാര്യം മാത്രമാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് എന്നുമാണ് കാനത്തിന്റെ വിശദീകരണം.

പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ എതിര്‍ വിഭാഗത്തിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ തന്നെയാണ് ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം. കേരള പൊലീസിനെ ഉത്തര്‍പ്രദേശ് പൊലീസുമായി താരതമ്യം ചെയ്തതിനാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജയെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി വിമര്‍ശിച്ചത്. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡം ലംഘിച്ചാല്‍ വിമര്‍ശിക്കുമെന്നു പറഞ്ഞ കാനം, ഉത്തര്‍ പ്രദേശ് പൊലീസിനെ പോലെയല്ല കേരളാ പൊലീസെന്നും കേരളാ പൊലീസ് വ്യത്യസ്തമാണെന്നും പറഞ്ഞു.

ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചതില്‍ എന്താണ് കുഴപ്പം. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് കുഴപ്പം ഉണ്ടെങ്കില്‍ വിമര്‍ശിക്കും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ. ജനറല്‍ സെക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറിയായാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ പാടില്ല. അത് അനുസരിക്കണം. ഇല്ലെങ്കില്‍ വിമര്‍ശിക്കുമെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മൂന്നു ദിവസങ്ങളിലായി നടന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്കും ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയ്ക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങളെ ന്യായീകരിച്ചാണ് കാനം വാര്‍ത്താ സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.