കുരിശുമെടുത്ത് ക്രിസ്തുവിനെ പിന്തുടരാം; ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

കുരിശുമെടുത്ത് ക്രിസ്തുവിനെ പിന്തുടരാം; ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 14

എ.ഡി 335 മുതല്‍ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടു മുതല്‍ ഗ്രീക്ക് സഭയിലും ലത്തീന്‍ സഭയിലും വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

എ.ഡി 326 ലാണ് കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശു കണ്ടെത്തിയതെന്നാണ് ചരിത്ര സാക്ഷ്യപ്പെടുത്തുന്നത്. സുവിശേഷകര്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ക്കും ആണികള്‍ക്കുമൊപ്പമായിരുന്നു വിശുദ്ധ കുരിശ് കണ്ടെടുക്കപ്പെട്ടത്.

എന്നാല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന കൊസ്‌റോവാസ് ഇത് കയ്യടക്കി. എഡി 629 ല്‍ ഹെറാലിയസ് ചക്രവര്‍ത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജെറുസലേമില്‍ കൊണ്ടുവന്ന് സുരക്ഷിതമായി സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളില്‍ ചുമന്ന് കൊണ്ടാണ് ഹെറാലിയസ് ചക്രവര്‍ത്തി കാല്‍വരിയിലേക്ക് നീങ്ങിയത്.

വിലയേറിയ വസ്ത്രങ്ങള്‍ ധരിച്ച്, വിശേഷ രത്‌നക്കല്ലുകള്‍ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ് ചക്രവര്‍ത്തി കുരിശ് ചുമന്നത്. കാല്‍വരിയുടെ കവാടത്തിലെത്തിയപ്പോള്‍ ഒരതിശയകരമായ സംഭവം ഉണ്ടായെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

എത്ര ശ്രമിച്ചിട്ടും ചക്രവര്‍ത്തിയ്ക്ക് മുന്നോട്ട് നടക്കാന്‍ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവര്‍ത്തിയോട് ഈ സമയം, ജെറുസലേമിലെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു;

''അല്ലയോ, സര്‍വ്വാധികാരിയായ രാജാവേ, യേശുവിന്റെ കുരിശു യാത്രയിലെ വേഷവും അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മില്‍ എന്ത് ചേര്‍ച്ചയുണ്ടന്ന് ചിന്തിക്കുക!''. കാര്യം ഗ്രഹിച്ച ചക്രവര്‍ത്തി ഉടന്‍ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോള്‍ യാത്ര തുടരുവാന്‍ സാധിച്ചുവെന്ന് പറയപ്പെടുന്നു.

'കുരിശുദ്ധാരണ തിരുന്നാള്‍', 'കുരിശുയര്‍ത്തല്‍ തിരുന്നാള്‍', 'വിശുദ്ധ കുരിശ് തിരുന്നാള്‍', 'വിശുദ്ധ റൂഡ് തടി തിരുന്നാള്‍', 'റൂഡ് തടി കുര്‍ബ്ബാന തിരുന്നാള്‍' എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു. കുരിശ് പ്രാര്‍ത്ഥനാ ക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാ ക്രമമാണ്.

പഴയ നിയമത്തില്‍ മോശ മരത്തൂണില്‍ പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയത് പുതിയ നിയമത്തില്‍ യേശു മരക്കുരിശില്‍ ഉയര്‍ത്തപ്പെട്ടതിന്റെ 'മുന്‍നിഴല്‍' ആണ്. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അപ്പോഴാണ് നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരുക.

നമ്മുടെ ദേഹവും ആത്മാവും ദൈവത്തില്‍ ഉറപ്പിക്കുന്നതിനാണ് നാം പ്രാര്‍ത്ഥനയ്ക്ക് മുമ്പ് കുരിശ് വരയ്ക്കുന്നത്. ദൈവത്തോട് ചേര്‍ന്നിരിക്കുന്നതിനാണ് നാം പ്രാര്‍ത്ഥനക്ക് ശേഷം കുരിശ് വരയ്ക്കുന്നത്.

പരീക്ഷയിലും പരിശോധനയിലും നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്. വീണ്ടെടുപ്പിന്റെ പൂര്‍ണതയ്ക്കും നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനുമാണ് മാമോദീസയില്‍ നാം കുരിശ് വരയാല്‍ മുദ്രണം ചെയ്യപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമന്‍ പടയാളിയായിരുന്ന സെരയാലിസ്സും ഭാര്യ സല്ലുസ്റ്റിയായും

2. ജര്‍മ്മനി കാഷെലിലെ പ്രഥമ ബിഷപ്പായിരുന്ന ക്രോര്‍മാര്‍ക്ക്

3. ആഫ്രിക്കന്‍ രക്തസാക്ഷികളായ ക്രെഷന്‍സിയന്‍, വിക്ടര്‍, റോസുളാ, ജെനെറാലിസ്

4. പതിനൊന്നു വയസില്‍ രക്തസാക്ഷിത്വം നേടിയ റോമിലെ ക്രെഷന്‍സിയൂസ്

5. കൊളോണിലെ ബിഷപ്പായിരുന്ന മറ്റൊര്‍നൂസ്

6. എബെനിലെ വേലക്കാരിയായ നോട്ട്ബുര്‍ഗാ

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.