തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13534 കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക.
പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11.30ന് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് പട്ടയ വിതരണം. ഓണ്‍ലൈനായാണ് ഉദ്ഘാടനം. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറ് ദിനം 13,534 പട്ടയങ്ങള്‍ വിതരണത്തിനായി സജ്ജമായിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തൃശൂര്‍ ജില്ലയിലാണ്. 3575 പട്ടയങ്ങള്‍. ഇതില്‍ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്. എട്ട് വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്.
തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖേന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പട്ടയങ്ങള്‍ വിതരണം ചെയ്യും.
അതേസമയം 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയില്‍ വിതരണം ചെയ്തത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മിച്ചഭൂമിയും അനധികൃതമായി കൈവശം വെച്ചിട്ടുള്ള ഭൂമിയും കണ്ടെത്തുന്നതിനുവേണ്ട നടപടിയെടുക്കും. നിസ്വരും ഭൂരഹിതരുമായവര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേക ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വ്വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി രൂപ റീബില്‍ഡ് കേരളക്ക് നല്‍കിക്കഴിഞ്ഞു. നാല് വര്‍ഷം കൊണ്ട് സര്‍വ്വേ പൂര്‍ത്തീകരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.