തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ നിയമന വിവാദത്തില്‍ പരസ്യ പ്രതികരണം നടത്തിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടു.
അല്‍പം മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പൊതുപ്രവര്‍ത്തന രംഗത്ത് തുടരുമെന്നും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അനില്‍കുമാര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിനു ശേഷം അദ്ദേഹം നേരേ എ.കെ.ജി സെന്ററിലേക്ക് പോയി.
നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടു കൂടി അവസാനിപ്പിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സി.സി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ വഴി അയച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സസ്‌പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ.പി അനില്‍കുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ നല്‍കിയ വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതേതുടര്‍ന്ന് അനില്‍ കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അച്ചടക്ക നടപടി ഉണ്ടാകുന്നതിനു മുന്‍പുതന്നെ അദ്ദേഹം പാര്‍ട്ടി വിട്ടു.
അതേസമയം മുതിര്‍ന്ന നേതാക്കന്മാര്‍ക്കെതിരെ പ്രസ്താവന നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്റെയും സസ്‌പെന്‍ഷനില്‍ കഴിയുന്ന ശിവദാസന്‍ നായരുടേയും വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് രാജ്മോഹന്‍ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. പരസ്യ പ്രസ്താവനയുമായി ബന്ധപ്പെട്ട് തനിക്ക് തുല്യനീതി ലഭിച്ചില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
ഇനി മേലില്‍ കടുത്ത രീതിയിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വാക്കുകള്‍ സദുദ്ദേശപരമായിരുന്നു എന്ന വിശദീകരണമാണ് ശിവദാസന്‍ നായര്‍ നല്‍കിയത്. ഇതും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.
കെ.എസ്.യു കോഴിക്കോട് ജില്ലാ ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരിക്കേയാണ് അനില്‍ കുമാര്‍ പാര്‍ട്ടി വിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.