കൊല്ലം: വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ്ഐയുടെ നേതൃത്വത്തില്‍ ആക്രമണം. കരുനാഗപ്പള്ളിയിൽ വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് ആക്രമിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. റിട്ടയേര്‍ഡ് എസ്ഐ റഷീദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു. കമ്പി വടി കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷീദിന്റെ മകന്റെ കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്ന് ശ്രീകുമാര്‍ പറയുന്നു.
കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമം അനുസരിച്ച് ശ്രീകുമാര്‍ രേഖകള്‍ സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ക്ക് ശ്രീകുമാര്‍ പരാതി നല്‍കിയത്. ഇതിനെ ചൊല്ലി റഷീദും ശ്രീകുമാറും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.
ഇത് സംബന്ധിച്ച കാര്യം ചോദിക്കാന്‍ റഷീദും സംഘവും ഇന്ന് ശ്രീകുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകുമാറിനെയും അമ്മിണിയമ്മയേയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ റഷീദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.