22 സിക്സറുകള്‍ ഈ സീസണില്‍ നേടിയിട്ടുളള നിക്കോളാസ് പൂരന് ഒരു സിക്സോ ഫോറോ അടിക്കാന്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ മനസിലാകും വിക്കറ്റിന് എന്തോ പ്രശ്നമുണ്ട് എന്നുളളത്. പുതിയ പന്തില്‍ കളിക്കുന്നതിന് തടസ്സമുണ്ടാകുന്നില്ല. അതേ രീതിയിലാണ് മത്സരം പുരോഗമിച്ചിരുന്നതും. തുടക്കത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് കളിക്കുമ്പോള്‍ കുറച്ച് ഷോട്ടുകള്‍ കളിക്കാനായി സാധിച്ചിരുന്നു. അതിന് ശേഷം റാഷിദ് ഖാന്‍ എന്ന സ്പിന്നർക്ക് ലഭിച്ച ടേണ്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ബാറ്റ്സ്മാന്‍മാരെ ബുദ്ധിമുട്ടിച്ചു. ലെഫ്റ്റ് ആം സ്പിന്നർക്ക് പകരം ഖലീല്‍ അഹമ്മദിനെ കളിപ്പിച്ചുവെന്നുളളത് തെറ്റായ തീരുമാനമായിരുന്നുവെന്നല്ല. ഷഹബാസ് നദീം കൂടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി ബുദ്ധിമുട്ടായേനെ.
രണ്ട് ഇടങ്കയ്യെന്‍ ബാറ്റ്സ്മാന്‍മാർ ക്രിസ് ഗെയിലും നിക്കോളാസ് പൂരനും ആദ്യ അഞ്ചില്‍ ഉളളതുകൊണ്ടായിക്കാം ലെഫ്റ്റ് ആം സ്പിന്നർക്ക് പകരം ലെഫ്റ്റ് ആം മീഡിയം പേസറെ കളിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. അതെല്ലാം ഹൈദരാബാദിന്‍റെ പ്ലാനിന് അനുസരിച്ച് മുന്നോട്ട് പോയി. ന്യൂ ബോളില്‍ സന്ദീപ് ശർമ്മ, ഡെത്ത് ഓവറുകളില്‍ ടി നടരാജന്‍ ഇടയ്ക്ക് വിക്കറ്റെടുത്ത് സമ്മർദ്ദത്തിലാക്കാന്‍ റാഷിദ് ഖാന്‍ . ഡേവിഡ് വാർണറിന്‍റെ മികച്ച ക്യാപ്റ്റന്‍സിയും എടുത്തുപറയേണ്ടതാണ്. അദ്ദേഹം കളം നിറഞ്ഞ് കളിച്ച മത്സരം കൂടിയായിരുന്നു. കിംഗ്സ് ഇലവന് അനുകൂലമായി നിന്ന കാര്യം, നിക്കോളാസ് പൂരന്‍ കളിച്ച നിർണായകമായ ഇന്നിംഗ്സാണ്. ഒരു ഫൈറ്റിംഗ് ടോട്ടലിലേക്ക് എത്താന്‍ അവർക്ക് സാധിച്ചു. തുടക്കത്തില്‍ അടിച്ചു തകർത്ത ഡേവിഡ് വാർണറുടേയും ജോണി ബെയർസ്റ്റോയുടേയും വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. കിംഗ്സ് ഇലവന്‍റെ ഫീല്‍ഡ് പ്ലേസിംഗും നിർണായകമായി. സിംഗിളുകള്‍ എടുക്കാന്‍ സമ്മതിക്കാതെ അടുത്ത് നിന്നാണ് ഫീല്‍ഡ് ചെയ്തത്. രവി ബിഷ്നോയുടേയും ക്രിസ് ജോർദ്ദാന്‍റെയും ഓവറുകള്‍ നന്നായി ഉപയോഗിച്ചു. പിന്നീട് ക്രിസ് ജോർഡാനെ കൊണ്ടുവന്നു. അദ്ദേഹത്തെ കൊണ്ടുവരാന്‍ നിർബന്ധിതനാവുകായിരുന്നു. നേരത്തെ അദ്ദേഹത്തെ മാറ്റിയതില്‍ ഒരു പക്ഷെ കിംഗ്സ് ഇലവന്‍ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാകാം. അദ്ദേഹം മനസാന്നിദ്ധ്യത്തോടെ പന്തെറിഞ്ഞു. നിർണായകമായ രണ്ട് ക്യാച്ചുകളും മത്സരം കിംഗ്സ് ഇലവന് അനുകൂലമാക്കി. മൂന്നാം നമ്പറില്‍ അബ്ദുള്‍ സമദിനെ ഇറക്കിയുളള പരീക്ഷണവും നന്നായി. ഷമിക്കെതിരെ ചാന്‍സെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാളി.
കഴിഞ്ഞ മത്സരത്തില്‍ വിജയം നേടിയ വിജയ് ശങ്കറും മനീഷ് പാണ്ഡെയും വിജയത്തിലെത്തിക്കുമെന്ന് തോന്നിയിരുന്നെങ്കിലും മനീഷ് പാണ്ഡെയുടെ വിക്കറ്റ് അവരുടെ ആത്മവിശ്വാസം ചോർത്തി. ഔട്ടാവുന്നതിന് തൊട്ടുമുന്‍പ് നിക്കോളാസ് പൂരന്‍റെ പന്ത് അദ്ദേഹത്തിന്‍റെ തലയ്ക്ക് വന്ന് കൊളളുകയും ചെയ്തു. അവിടെയുണ്ടായ ഒരു ബ്രേക്ക് അദ്ദേഹത്തിന് തിരിച്ചടിയായി. ആ വിക്കറ്റോടെ സമ്മർദ്ദം അതിജീവിക്കാന്‍ പിന്നീട് വന്നവർക്ക് സാധിച്ചില്ല. നിർഭാഗ്യം കൂടെപിറപ്പായിരുന്ന കിംഗ്സ് ഇലവന്‍റെ സമയം മാറിവരുന്നുവെന്നുളളതുകൂടി കാണേണ്ടതാണ്. തോറ്റെന്ന് ഉറപ്പിച്ച മത്സരത്തില്‍ തിരിച്ചുവന്നിരിക്കുന്നു. അവർ ഈ സീസണില്‍ നിർണായക ശക്തിയായി മാറുമെന്നതിന്‍റെ സൂചനകളാണ് ഇതെല്ലാമെന്ന് വിലയിരുത്താം. മത്സരം പുരോഗമിക്കും തോറും വിക്കറ്റുകള്‍ ഇത്തരത്തില്‍ മാറുമെന്നുളളത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. തുടരെ തുടരെ ഉപയോഗിക്കുമ്പോള്‍ കൃത്യാമായ പരിചരണമില്ലാത്തതായിരിക്കാം കാരണം. എന്നിരുന്നാല്‍ തന്നെയും സിക്സറുകളുണ്ടാകില്ലെങ്കിലും മത്സരങ്ങള്‍ ആവേശകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്കോർ KXIP 126/7 (20)SRH 114 (19.5)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.