എസ്ഡിപിഐക്കാര്‍ താലിബാനിസ്റ്റുകള്‍; അവരാണ് ബിഷപ്പ് ഹൗസിലേയ്ക്ക് കുറുവടിയുമായി പ്രതിഷേധം നടത്തിയത്: പി.സി ജോര്‍ജ്

എസ്ഡിപിഐക്കാര്‍ താലിബാനിസ്റ്റുകള്‍; അവരാണ് ബിഷപ്പ് ഹൗസിലേയ്ക്ക് കുറുവടിയുമായി പ്രതിഷേധം നടത്തിയത്: പി.സി ജോര്‍ജ്

''ലൗ ജിഹാദ് സംഭവങ്ങള്‍ ഉണ്ട്. ഇവര്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയും സിറിയയില്‍ കൊണ്ടുപോയി താലിബാനികള്‍ക്ക് കാഴ്ച വയ്ക്കുകയുമാണ്. ഇത്തരക്കാരെ മുസ്ലീം നേതാക്കള്‍ തള്ളിപ്പറഞ്ഞാല്‍ വിഷയം പരിഹരിക്കാം. കേരളത്തില്‍ താലിബാനിസം അവസാനിപ്പിക്കാന്‍ കാന്തപുരത്തെയും പാണക്കാട് തങ്ങളെയും പോലുള്ള മുസ്ലീം നേതാക്കള്‍ ഇടപെടണം''.

കോട്ടയം: പാലാ ബിഷപ്പ് ഹൗസിലേയ്ക്ക് കുറുവടിയുമായി പ്രതിഷേധം നടത്തിയത് താലിബാനിസ്റ്റുകളാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടത്തുന്നവരെ മുസ്ലീം നേതാക്കള്‍ തള്ളിപ്പറയണമെന്നും അങ്ങനെ ചെയ്താല്‍ അവരെ മര്യാദ പഠിപ്പിക്കാമെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇവര്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയും സിറിയയില്‍ കൊണ്ടുപോയി താലിബാനികള്‍ക്ക് കാഴ്ച വയ്ക്കുകയുമാണ്. ഇത്തരക്കാരെ മുസ്ലീം നേതാക്കള്‍ തള്ളിപ്പറഞ്ഞാല്‍ വിഷയം പരിഹരിക്കാം. കേരളത്തില്‍ താലിബാനിസം അവസാനിപ്പിക്കാന്‍ കാന്തപുരത്തെയും പാണക്കാട് തങ്ങളെയും പോലുള്ള മുസ്ലീം നേതാക്കള്‍ ഇടപെടണമെന്നും പി.സി ആവശ്യപ്പെട്ടു.

തീക്കോയിയിലും കടനാട്ടിലും ലൗ ജിഹാദ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ്. നിങ്ങളില്‍ ഒരാളുടെ സഹോദരി ഇങ്ങനെ പോയിക്കഴിയുമ്പോഴേ ഇതിന്റെ വിലയറിയൂ. ഈ വേദന മൊത്തം കണ്ടുകൊണ്ടിരിക്കുകയാണ് താന്‍. തന്റെയടുത്ത് പലരും പരാതിയുമായി വരുന്നുണ്ടെന്നും ഇത്തരത്തില്‍ പാലാ ബിഷപ്പിന്റെ അടുത്തും പരാതിയുമായി പലരും എത്തിയിട്ടുണ്ടാകാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇടപെടാത്തത് താലിബാനിസ്റ്റുകളായ എസ്ഡിപിഐക്കാരുടെ പിന്തുണയുള്ളതുകൊണ്ടാണ്. താലിബാനിസ്റ്റുകളുടെ പിന്തുണയോടെയല്ലേ പിണറായി കസേരയില്‍ ഇരിക്കുന്നത്. അവരോടു നോ എന്നു പറയാന്‍ പറ്റുമോ. ഭരണാധികാരികളുടെ പിന്തുണയുണ്ടെന്നു കരുതി താലിബാനികള്‍ക്ക് എന്തും ചെയ്യാമോ?

കഴിഞ്ഞ ദിവസം എസ്ഡിപിഐയും സിപിഎമ്മും ചേര്‍ന്ന് ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയത് താലിബാനും സിപിഎമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

തനിക്ക് മുന്‍പ് എസ്ഡിപിഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വാദം പി.സി ജോര്‍ജ് നിഷേധിച്ചില്ല. എസ്ഡിപിഐയുടെ അഞ്ച് മെമ്പര്‍മാരെ ജയിപ്പിക്കാന്‍ താന്‍ കൂട്ടുനിന്നിട്ടുണ്ട്. 'എസ്ഡിപിഐയോട് വളരെ യോജിച്ചു നിന്നവനാ ഞാന്‍. ഈ തെരഞ്ഞെടുപ്പിലല്ല, അതിനു മുമ്പുള്ള തെരഞ്ഞെടുപ്പില്‍ എന്റെ കൂടെ നടന്നതു മുഴുവന്‍ എസ്ഡിപിഐക്കാരാ. പക്ഷേ, അന്ന് അവരുടെ കൈയ്യില്‍ താലിബാനിസം ഇല്ല' - പി.സി ജോര്‍ജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.