താമരശ്ശേരി: താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ ഇടവകയുടെ കീഴിലുള്ള കുരിശുമലയിൽ കുരിശിനെ അവഹേളിച്ച സംഭവം ക്രൈസ്തവരുടെ ഇടയിൽ വലിയ ആശങ്കയ്‌ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കക്കാടംപൊയിൽ ഇടവകാതിർത്തിയിൽ മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനു മുകളിൽ കയറി ഏതാനും യുവാക്കൾ ഡാൻസ് കളിക്കുകയും ഇതിന്റെ ഫോട്ടോയെടുത്ത് വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ക്രൈസ്തവ മതത്തെയും വിശ്വാസികളെയും മനപ്പൂർവ്വം അവഹേളിക്കാനും മതവിദ്വേഷം വളർത്താനുമായി കരുതികൂട്ടി ചെയ്തതാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
പാലാ രൂപതയിലെ പൂഞ്ഞാർ ഇടവകയുടെ കീഴിലുള്ള പുല്ലേപ്പാറയിലും കഴിഞ്ഞ ദിവസം സമാന സംഭവമുണ്ടായിരുന്നു. ഈ രണ്ട് കേസുകളിലും പിടിക്കപ്പെട്ടവരെല്ലാം ഒരേ മതത്തിലും പ്രസ്ഥാനങ്ങളിലുമുള്ള വ്യക്തികളാണ് എന്നത് ക്രൈസ്തവർക്കെതിരെ സംഘടിതമായ നീക്കം നടത്തുന്നതിന്റെ അടയാളമായാണ് വ്യാഖ്യാനിക്കേണ്ടത്. വിവിധ മതവിശ്വാസികൾ ഒരുമയോടെ ജീവിക്കുന്ന മതേതര-സാക്ഷര കേരളത്തിൽ അരങ്ങേറിയ ഈ സംഭവം അത്യന്തം വേദനാജനകവും ലജ്‌ജാവഹവുമാണ്.
ക്രൈസ്തവർക്ക് വിശുദ്ധ കുരിശ് വെറും മത ചിഹ്നം മാത്രമല്ല; അത് രക്ഷയുടെ അടയാളമാണ്. അതുകൊണ്ടാണ് ദേവാലയത്തിന്റെ കേന്ദ്രസ്ഥാനത്ത് കുരിശ് പ്രതിഷ്ഠിക്കുന്നത്. ഈ കുരിശിനോടുള്ള അവഹേളനം ക്രൈസ്തവ വിശ്വാസത്തോടും വിശ്വാസികളോടുമുള്ള വെല്ലുവിളിയാണ്. ഒപ്പം മതവികാരത്തെ മുറിപ്പെടുത്തുന്നതും മതവിദ്വേഷം ഉണർത്താൻ പ്രേരകവുമാണ്. ഇത് മതേതര ഇന്ത്യയുടെ ആത്മാവിലേറ്റ വലിയ മുറിവാണ്. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഇത്തരം സാമൂഹികവിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കാനും മതസൗഹാർദം നിലനിർത്താനും സർക്കാർ മുൻകൈയെടുക്കണം.
നമ്മുടെ രാജ്യത്ത് പല മതങ്ങളിൽ വിശ്വസിക്കുന്നവരുണ്ട്. വിശ്വാസമില്ലാത്തവരും ഇവിടെയുണ്ട്. ഓരോ മതത്തെയും മതവിശ്വാസികളെയും ബഹുമാനിക്കുകയെന്നത് സംസ്കാര സമ്പന്നതയുടെ അടയാളമാണ്. ഭാരതം ലോകത്തിന്റെ മുൻപിൽ മാതൃകയായത് ഈ കാര്യത്തിലായിരുന്നു. എന്നാൽ മതവിദ്വേഷം വളർത്തുന്ന സംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും ഉയരുന്നുവെന്നത് ഭരണാധികാരികളുടെ നിസ്സംഗതകൊണ്ടും നിഷ്ക്രിയത്വംകൊണ്ടുമാണ്.
ഒരു മതനേതാവിന്റെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ഫ്രാൻസിൽ ഒരാളുടെ തലവെട്ടിയ സംഭവം ഈയിടെ വലിയ വാർത്തയായതാണ്. ഇത്തരം അസഹിഷ്ണത പ്രകടിപ്പിക്കുന്ന മതതീവ്രവാദികളുടെ പ്രവർത്തനങ്ങളെ മുളയിലെ നുള്ളേണ്ടത് മതസൗഹാർദം ഉറപ്പുവരുത്താൻ അനിവാര്യമാണ്. സഹോദരസ്നേഹം ഉയർത്തിപിടിക്കുന്ന ക്രൈസ്തവ മതത്തെ അവഹേളിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ വിശ്വാസികൾ പ്രതികരിക്കാൻ നിർബന്ധിതരാകും. അതുകൊണ്ട് സാമൂഹ്യവിരുദ്ധർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.