ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ നവംബറില്‍ ആരംഭിക്കും. 12നും 17നുമിടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. മൂന്നുഡോസ് കുത്തിവെക്കേണ്ട 'സൈക്കോവ്-ഡി' വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക.ഇവരില്‍ അനുബന്ധരോഗമുള്ളവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കും.
കുട്ടികളില്‍ പ്രതിരോധ കുത്തിവെപ്പിന് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ വാക്‌സിനു മാത്രമാണ്. 18 വയസില്‍ താഴെയുള്ള 44 കോടി കുട്ടികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 12നും 17നും ഇടയിലുള്ളവരുടെ എണ്ണം 12 കോടിയോളം വരും. അനുബന്ധ രോഗങ്ങളുള്ള കുട്ടികള്‍ ഏതാണ്ട് 30 ലക്ഷം ഉണ്ടാവുമെന്നാണ് കണക്ക്. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, അമിതവണ്ണം തുടങ്ങിയവ അനുബന്ധ രോഗങ്ങളില്‍ ഉള്‍പ്പെടും.
കോവാക്‌സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവയസിനു മുകളിലുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന വാക്‌സിനിന്റെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്‌സിന്‍ പരീക്ഷണം ഈയിടെ തുടങ്ങിയിട്ടുണ്ട്. സൈക്കോവ്-ഡിക്ക് തുടര്‍ച്ചയായി ഈ കമ്പനികളുടെ വാക്‌സിനും അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
അനുബന്ധ രോഗമുള്ളവര്‍ക്ക് നല്‍കാനായി ആദ്യം 40 ലക്ഷം ഡോസ് സൈക്കോവ്-ഡി ആണ് നിര്‍മാതാക്കള്‍ സര്‍ക്കാരിന് നല്‍കുക. ഡിസംബറോടെ അഞ്ചുകോടി ഡോസ് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.