പാലാ ബിഷപ്പിനെതിരെ കേസ് ആലോചനയിലില്ല; സ്വന്തം സമുദായത്തെ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റ് കാണുന്നില്ല: മുഖ്യമന്ത്രി

പാലാ ബിഷപ്പിനെതിരെ കേസ് ആലോചനയിലില്ല; സ്വന്തം സമുദായത്തെ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റ് കാണുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപ്പിന് വേണ്ടിയുള്ള വിശദീകരണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരു വിഭാഗത്തെയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും കാര്യങ്ങള്‍ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയില്‍ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നില്‍ ആരാണോ സംസാരിക്കുന്നത് അവര്‍ ഒരഭ്യര്‍ത്ഥന നടത്തും.

സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതില്‍ ആരും തെറ്റ് കാണുന്നില്ല. എന്നാല്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവരെ കര്‍ശനമായി നേരിടും. നാര്‍ക്കോട്ടിക്ക് എന്താണെന്നും അതിന്റെ അപകടവും എല്ലാവര്‍ക്കും അറിയാം. ജോസ് കെ മാണി ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞതില്‍ തെറ്റില്ലെന്നും മാധ്യമങ്ങള്‍ വിഷയം കുഴപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കോവിഡ് സംബന്ധിച്ച വിശദീകരണത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കുട്ടികളിലും സിറോ സര്‍വേ നടത്തുന്നുണ്ട്. മൂന്നാം തരംഗം കൂടുതല്‍ ബാധിക്കുക കുട്ടികളേയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ.

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന അവലോകന യോഗത്തിന് ശേഷം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. സംസ്ഥാനത്ത് വാക്സിനേഷനില്‍ നല്ല പുരോഗതിയുണ്ട്. ജനസംഖ്യയിലെ 80 ശതമാനത്തിലധികം ആളുകള്‍ക്ക് ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞു. രണ്ട് ഡോസ് വാക്സിനെടുത്തവരും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.