ഈശോ കൂട്ടിക്കൊണ്ടുപോയ റൊണാൾഡ്

ഈശോ കൂട്ടിക്കൊണ്ടുപോയ റൊണാൾഡ്

ഏതാനും ദിവസങ്ങൾക്കു മുമ്പ് കൃത്യമായ് പറഞ്ഞാൽ സെപ്തംബർ പതിനൊന്നാം തിയതി പുലർച്ചെ ഒന്നര മണിയ്ക്ക് എന്റെ ഫോൺ ശബ്ദിച്ചു. അസമയത്ത് വിളിക്കുന്നതാരാണെന്ന് നോക്കിയപ്പോൾ സഹപാഠി ലിജി. "അച്ചാ പ്രാർത്ഥിക്കണം റൊണാൾഡിന് കൂടുതലാണെന്നാണ് ഡോക്ടർമാർ പറയുന്നത്." അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു: "പ്രാർത്ഥിക്കാം. ധൈര്യമായിരിക്കൂ. ഈശോയുണ്ട് കൂടെ. അവന്റെ കാര്യം ഈശോ നോക്കിക്കൊള്ളും." പുലർച്ചെ 2.15 ന് അവൾ വീണ്ടും വിളിച്ചു:"അച്ചാ റൊണാൾഡിനെ ഈശോ കൊണ്ടുപോയി ....!" ദുഃഖാർത്തയായ അവളോട് ഞാൻ പറഞ്ഞു: "ദൈവത്തിന്റെ ഇഷ്ടം പോലെ നടക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം ..."ലിജിയുടെ രണ്ടാമത്തെ മകനാണ് 16 വയസുള്ള റൊണാൾഡ്. ഇരിക്കാലക്കുട രൂപതയിലെ തൂമ്പാക്കോട് ഇടവകാംഗമായ പുളിക്കൽ പോളിയാണ് പിതാവ്. 2019 സെപ്തംബർ ഒന്നിനാണ് റൊണാൾഡിന് രക്താർബുദമാണെന്ന വാർത്ത അവരറിയുന്നത്. പിന്നീട് ആശുപത്രികൾ മാറിമാറി ചികിത്സകളായിരുന്നു. എന്നാൽ അവയ്ക്കൊന്നും അവന്റെ രോഗത്തെ
ശമിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഞാൻ ലിജിയെ വിളിച്ചിരുന്നു. ഏറെ ധൈര്യത്തോടെ അവൾ പറഞ്ഞു: "അവൻ യാത്രയാകുന്നതിന് കുറച്ചുമുമ്പ് ഞാനവനോട് പറഞ്ഞു. 'മോനെ ഈശോ സുഖപ്പെടുത്തും. സുഖമായ് ഉറങ്ങിക്കോളൂ. അപ്പയും അമ്മയും പുറത്തുണ്ട്.' ആ ഉറക്കത്തിൽ നിന്ന് പിന്നീടവൻ ഉണർന്നില്ല. ഈശോ അവന്റെ രോഗവും വേദനയും സുഖപ്പെടുത്തിയത് അവനെ തന്റെ അരികിലേക്ക് വിളിച്ചിട്ടാണെന്ന് ഇപ്പോഴാണറിയാൻ കഴിഞ്ഞത്. മരണത്തിന് രണ്ടാഴ്ച മുമ്പ് അവനെയും കൊണ്ട് അണക്കര ധ്യാനകേന്ദ്രത്തിൽ പോയി ഡൊമിനിക് അച്ചനെ കാണാനും കുമ്പസാരിച്ചൊരുക്കാനും വിശുദ്ധ കുർബാന സ്വീകരിക്കാനും പ്രാർത്ഥിക്കാനും കഴിഞ്ഞത് ദൈവാനുഗ്രഹമായി. മകന്റെ മരണത്തിൽ വിഷമമുണ്ട്. എന്നാൽ അച്ചൻ പറഞ്ഞതുപോലെ ദൈവഹിതം അംഗീകരിക്കുന്നു. മകന് നല്ല മരണം ലഭിച്ചതിൽ സന്തോഷിക്കുന്നു..." വ്യാകുലമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന വേളയിൽ സ്വന്തം മകന്റെ മരണത്തിന് സാക്ഷിയായ് കുരിശിൻ ചുവട്ടിൽ നിന്ന മറിയത്തെപ്പോലെ സ്വന്തം മക്കളുടെ മരണത്തിന് സാക്ഷികളാകേണ്ടി വന്ന എല്ലാ മാതാപിതാക്കളെയും ഓർക്കുന്നു. നമ്മുടെ ജീവിത യാത്ര നിത്യതയിലേക്കുള്ളതാണെന്ന് മറക്കാതിരിക്കാം. അപ്രതീക്ഷിത സമയത്തായിരിക്കും ദുഃഖ ദുരിതങ്ങൾ നമ്മെ മാടി വിളിക്കുക. "ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മത്തായി 24 : 36) എന്ന ക്രിസ്തുമൊഴികൾ ധ്യാനിക്കാം. സഹനങ്ങളിൽ ഈശോയെ ആശ്വസിപ്പിച്ച പരിശുദ്ധ അമ്മയുടെ സാനിധ്യം നമുക്ക് തുണയാകട്ടെ. വ്യാകുലമാതാവിന്റെ തിരുനാളാശംസകൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.