സുധാകരനും സതീശനും മാര്‍ ജോസഫ് പെരുന്തോട്ടത്തെ കണ്ടു; ഉച്ച കഴിഞ്ഞ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കാണും

സുധാകരനും സതീശനും മാര്‍ ജോസഫ് പെരുന്തോട്ടത്തെ കണ്ടു;  ഉച്ച കഴിഞ്ഞ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കാണും

കോട്ടയം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് പാലായിലെത്തി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കാണുമെന്ന് സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ബിഷപ്പിന്റെ ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് മുന്നറിയിപ്പിനെ വിമര്‍ശിച്ച് രംഗത്തു വന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് മാറ്റമാണ് അരമന സന്ദര്‍ശനങ്ങള്‍ക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ക്രൈസ്തവ വിശ്വാസികള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തു വന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പിന്നീട് നടത്തിയ പരാമര്‍ശങ്ങളില്‍ മയപ്പെട്ട സമീപനമാണ് സ്വീകരിച്ചത്. ബിഷപ്പിന്റേത് വര്‍ഗീയ പരാമര്‍ശമാണെന്ന് ആദ്യം പറഞ്ഞ സതീശന്‍, ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ സത്യാവസ്ഥയുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പിന്നീട് തിരുത്തിയിരുന്നു.

സമവായത്തിനല്ല ബിഷപ്പിനെ കാണാന്‍ പോയതെന്നും അതിന് മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ചോര നക്കി കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായയെ പോലെ സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു. വ്രണപ്പെടാത്ത സാമുദായിക സൗഹാര്‍ദമാണ് വേണ്ടത്. സാഹോദര്യം നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യമെന്നും മത സൗഹാര്‍ദം സംരക്ഷിക്കണമെന്നും സുധാകരന്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.