കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണിയില്‍ സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് പൊലീസ് നടപടി. നിലവില്‍ പൊലീസിനും കപ്പല്‍ശാലയ്ക്കും ലഭിച്ചത് ഇരുപത് ഭീഷണി സന്ദേശങ്ങളാണ്. ഇതോടെ കേസില്‍ എന്‍ഐഎ അന്വേഷണത്തിനും സാധ്യതയേറുകയാണ്. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഐടി ആക്ട് 66 എഫ് വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശങ്ങള്‍ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സംശയമുള്ള എട്ട് പേരെ ചോദ്യം ചെയ്തെങ്കിലും ഇവര്‍ പ്രതികളല്ലെന്ന് കണ്ടെത്തി പൊലീസ് വിട്ടയക്കുകയായിരുന്നു. രണ്ട് ലക്ഷം ഡോളറിന് തുല്യമായ ബിറ്റ്കോയിനാണ് സന്ദേശമയച്ചവര്‍ ആവശ്യപ്പെട്ടത്. ഇന്നലെയാണ് അവസാനമായി കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
ഇ-മെയില്‍ മുഖേനയായിരുന്നു ഭീഷണി. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. എന്നാല്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ഐ പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സന്ദേശമയക്കാന്‍ ഉപയോഗിക്കുന്നത് പ്രോട്ടോണ്‍ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ആദ്യം ലഭിച്ച ഭീഷണി.
കപ്പല്‍ ശാലയിലെ ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നു. കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇ-മെയിലിലൂടെ ഭീഷണി സന്ദേശമയച്ചത് ആരെന്ന് കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. രാജ്യ സുരക്ഷ കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.