നോക്കുകൂലി വാങ്ങില്ലെന്ന പ്രഖ്യാപനവുമായി ട്രെയ്ഡ് യൂണിയനുകൾ

നോക്കുകൂലി വാങ്ങില്ലെന്ന പ്രഖ്യാപനവുമായി ട്രെയ്ഡ് യൂണിയനുകൾ

തിരുവനന്തപുരം: നിയമാനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും നോക്കുകൂലി വാങ്ങില്ലെന്നും ചുമട്ടു തൊഴിലാളി യൂണിയനുകൾ. തൊഴില്‍ വകുപ്പു വിളിച്ചുചേര്‍ത്ത ചുമട്ടു തൊഴിലാളി യൂണിയനുകളുടെ യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രമുഖ ട്രെയ്ഡ് യൂണിയനുകളും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്.

ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആകെ ചുമട്ടുതൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്. പക്ഷേ ഇതിനെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കരുത്. തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന്റെയും കിലെയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. വിഎസ്‌എസ്‌സിയിലേക്കു കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി ആവശ്യപ്പെട്ടത് തൊഴിലാളി സംഘടനകളില്‍പെട്ടവരല്ല. എന്നിട്ടും ഇതിന്റെ പേരില്‍ ചുമട്ടുതൊഴിലാളികള്‍ ആക്ഷേപം കേള്‍ക്കേണ്ടി വന്നു. ഇത്തരം കാര്യങ്ങളെ ജാഗ്രതയോടെ കാണണം. ചുമട്ടുതൊഴിലാളി നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതു ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.