മന്ത്രി വി.എന്‍ വാസവന്‍ മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു; നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സംസാരിച്ചില്ലെന്ന് മന്ത്രി

മന്ത്രി വി.എന്‍ വാസവന്‍ മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു; നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സംസാരിച്ചില്ലെന്ന് മന്ത്രി


പാല: കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തിനു പിന്നാലെ മന്ത്രി വി.എന്‍ വാസവന്‍ ഇന്ന് രാവിലെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച പ്രസ്താവന വിവാദം സൃഷ്ടിച്ചശേഷം ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ പ്രതിനിധി ബിഷപ്പിനെ സന്ദര്‍ശിക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം. പാല ബിഷപ്പ് ഹൗസിലെത്തിയ മന്ത്രി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും പുരോഹിതരുമായും ചര്‍ച്ച നടത്തി. എംജി. സര്‍വകലാശാല മുന്‍വൈസ് ചാലന്‍സലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗവുമായ സിറിയക് തോമസും ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്നാല്‍, നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച വിവാദമൊന്നും ബിഷപ്പുമായുള്ള ചര്‍ച്ചയില്‍ വിഷയമായില്ലെന്ന് പറഞ്ഞ മന്ത്രി തന്റേത് ഒരു സൗഹൃദ സംഭാഷണം മാത്രമാണെന്നും വിശദീകരിച്ചു. 'വളരെ പാണ്ഡിത്യമുളള ആളാണ് ബിഷപ്പ്. ബൈബിളും ഖുര്‍ആനും ഗീതയിലുമെല്ലാം നന്നായി പഠിച്ചിട്ടുള്ളയാളാണ്. ഞങ്ങള്‍ ഇതു സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്' - വാസവന്‍ വ്യക്തമാക്കി.

വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗം തന്നെയാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇരുവരും ഇരു സമുദായ നേതാക്കളെയും ചെന്നുകണ്ട് അനുനയ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരാഴ്ചക്കാലമായി കോട്ടയത്ത് ഉണ്ടായിട്ടും വിഷയത്തില്‍ ഇടപെടാതിരുന്ന മന്ത്രി പെട്ടന്ന് ഇത്തരത്തിലുള്ള ഒരു സന്ദര്‍ശനം നടത്താനുള്ള കാരണവും ഇതു തന്നെയാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.