മുംബൈ: രാജ്യത്ത് രണ്ടാം ഡോസ് വാക്‌സിനായി സാധാരണക്കാര്‍ കാത്തിരിക്കുമ്പോള്‍ മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അവരുടെ വേണ്ടപ്പെട്ടവരും വിവിധ ആശുപത്രികളില്‍ നിന്ന് മൂന്നാമത്തെ ഡോസ് വാക്സിന്‍ രഹസ്യമായി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം പുറത്തു വിട്ടത്.
ചിലര്‍ കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെയും മറ്റുചിലര്‍ വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തുമാണ് മൂന്നാം ഡോസ് എടുക്കുന്നത്. പലരും ശരീരത്തിലെ ആന്റിബോഡി നില പരിശോധിച്ചതിന് ശേഷമാണ് മൂന്നാം ഡോസ് എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി രാജ്യങ്ങള്‍ അവരുടെ പൗരന്‍മാര്‍ക്ക് മൂന്നാം ഡോസ് നല്‍കാനുള്ള നീക്കം നടത്തുന്നുണ്ട്. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിലര്‍ രഹസ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നത്.
രോഗ പ്രതിരോധത്തിന് മൂന്നാം ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. വാക്സിന്‍ എടുത്ത 20 ശതമാനം ആളുകളില്‍ കോവിഡിനെതിരെ ആന്റിബോഡികള്‍ വികസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതായും അതിനാല്‍ വാക്സിന്‍ എടുത്തവരില്‍ കുറഞ്ഞ അളവില്‍ ആന്റിബോഡി ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഭുവനേശ്വറിലെ ഒരു ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത 23 ശതമാനം അംഗങ്ങള്‍ക്കും സമീപകാല പഠനത്തില്‍ ശരീരത്തില്‍ ആന്റിബോഡി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
രണ്ട് ഡോസ് വാക്സിന്‍ എടുത്ത് അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം ശരീരത്തിലെ ആന്റിബോഡികളുടെ എണ്ണം കുറയുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടും ആന്റിബോഡികള്‍ ഇല്ലാത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന് ഭുവനേശ്വറിലെ ലൈഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ.അജയ് പരിദ പറഞ്ഞു. ഇത് സംബന്ധിച്ച ക്ലിനിക്കല്‍ പഠനം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ വാക്സിനുകളായ കോവിഷീല്‍ഡിന്റെയും കോവാക്സിന്റെയും ഫലപ്രാപ്തി ഏകദേശം 70 മുതല്‍ 80 ശതമാനമാണ്. എന്നാല്‍ വാക്സിന്‍ എടുത്തവരില്‍ 20 മുതല്‍ 30 ശതമാനം വരെ ആളുകളില്‍ ആന്റിബോഡികള്‍ വികസിച്ചേക്കില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ഡോ. അജയ് പരിദ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.