എതിര്‍പ്പുകളെ അവഗണിച്ച് 'മരണനിയമം' ക്വീന്‍സ് ലന്‍ഡ് പാര്‍ലമെന്റിലും പാസായി

 എതിര്‍പ്പുകളെ അവഗണിച്ച് 'മരണനിയമം' ക്വീന്‍സ് ലന്‍ഡ്  പാര്‍ലമെന്റിലും പാസായി

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് സംസ്ഥാനത്ത് ക്രൈസ്തവ സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എതിര്‍പ്പ് മറികടന്ന് ദയാവധ ബില്‍ പാര്‍ലമെന്റ് പാസാക്കി. കഴിഞ്ഞ ദിവസം ക്വീന്‍സ് ലന്‍ഡ് പാര്‍ലമെന്റില്‍ വോട്ടിനിട്ട ബില്ലിനെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എം.പിമാര്‍ ഉള്‍പ്പെടെ 55 പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. ബില്‍ പാസാകാന്‍ 47 വോട്ടാണ് വേണ്ടത്. 30 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

അടുത്ത വര്‍ഷം ജനുവരിയില്‍ ദയാവധ നിയമം പ്രാബല്യത്തില്‍ വരും. ദയാവധം നിയമവിധേയമാക്കുന്ന അഞ്ചാമത്തെ ഓസ്‌ട്രേലിയന്‍ സംസ്ഥാനമാണ് ക്വീന്‍സ് ലന്‍ഡ്.

പാര്‍ലമെന്റില്‍ നിരവധി ദിവസത്തെ വൈകാരികവും പ്രക്ഷുബ്ധവുമായ സംവാദത്തിന് ശേഷമാണ് അന്തിമ വോട്ടെടുപ്പ് നടന്നത്. മരണത്തിലേക്ക് ഒരാളെ ബോധപൂര്‍വം കൊണ്ടുപോകുന്നതിന്റെ കയ്‌പേറിയ അനുഭവം കണ്ണീരോടെയാണ് എം.പിമാര്‍ പങ്കുവച്ചത്.

സ്വതന്ത്ര എം.പിയായ അലക്സ് ഗ്രീന്‍വിച്ച് ആണ് പാര്‍ലമെന്റില്‍ ദയാവധ ബില്‍ കൊണ്ടുവന്നത്. ബില്ലിനെതിരേ മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബൊട്ടും മനുഷ്യാവകാശ പ്രവര്‍ത്തകരും ക്രൈസ്തവ സംഘടനകളും ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ദയാവധം നിയമവിധേയമാക്കുമെന്ന് ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സഖ്യകക്ഷികളിലെ പല എം.പിമാരും ബില്ലിനെതിരേ വോട്ട് ചെയ്തു.

ബ്രിസ്ബനിലെ ഗ്രീന്‍സ്ലോപ്പിനെ പ്രതിനിധാനം ചെയ്യുന്ന എം.പിയും ലേബര്‍ പാര്‍ട്ടി അംഗവുമായ ജോ കെല്ലി ദയാവധത്തിനെതിരെ വോട്ടു ചെയ്തു. ദയാവധത്തിനു പകരം മികച്ച സാന്ത്വന പരിചരണത്തിലൂടെ രോഗിക്ക് അന്തസുള്ള മരണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് മുന്‍പ് നഴ്‌സായിരുന്ന ജോ കെല്ലി പറഞ്ഞു.

ലോഗന്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന എം.പി ലിനസ് പവറും ബില്ലിനെതിരേ വോട്ട് ചെയ്തു. 100ലധികം ഭേദഗതിക്കുള്ള ശിപാര്‍ശകള്‍ പരാജയപ്പെട്ടതില്‍ നിരാശയുണ്ടെന്ന് അവര്‍ പറഞ്ഞു.

ആവശ്യപ്പെട്ട പ്രധാന ഭേദഗതികളിലൊന്ന് വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആശുപത്രികളെയും വയോജന പരിചരണ കേന്ദ്രങ്ങളെയും ദയാവധം നടപ്പാക്കുന്നതില്‍നിന്ന് ഒഴിവാക്കണം എന്നായിരുന്നു. എന്നാല്‍ അതു നടപ്പായില്ല.

കത്തോലിക്ക പരിചരണ കേന്ദ്രങ്ങളും ആശുപത്രികളും ബില്‍ പാസായതില്‍ കടുത്ത നിരാശയിലാണെന്ന് കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ തലവന്‍ ജോണ്‍ വാട്കിന്‍സ് പറഞ്ഞു,

ഞങ്ങളുടെ ആശുപത്രികളിലോ പ്രായമായവരെ പരിചരിക്കുന്ന കേന്ദ്രങ്ങളിലോ ദയാവധം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. എന്നിട്ടും അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് കഴിഞ്ഞ ജൂലൈ ഒന്നിന് ദയാവധ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.