വാതില്‍പ്പടി സേവന പദ്ധതിക്ക് തുടക്കമായി; പെന്‍ഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍...എല്ലാം വീട്ടുപടിക്കല്‍

വാതില്‍പ്പടി സേവന പദ്ധതിക്ക് തുടക്കമായി; പെന്‍ഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍...എല്ലാം വീട്ടുപടിക്കല്‍

തിരുവനന്തപുരം:  വാർധക്യസഹജമായ രോഗങ്ങൾ കൊണ്ടും മറ്റ് ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് സര്‍ക്കാരിന്റെ സേവന പദ്ധതികള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കും. ഇതിനായി വാതില്‍പ്പടി എന്ന പേരിൽ പ്രത്യേക സേവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ആരുടേയും സഹായം ഇല്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍, പ്രായാധിക്യമുള്ളവര്‍, ചലന പരിമിതിയുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ആദ്യ ഘട്ടത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിങ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നീ അഞ്ചു സേവനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സഹായത്താല്‍ ഗുണഭോക്താവിന് ആവശ്യമായ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും.

അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 26 തദ്ദേശസ്ഥാപനങ്ങളിലും മറ്റ് 24 തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പാക്കുന്നത്. ആകെ അന്‍പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്‌, മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ വരുത്തിയ ശേഷം വാതില്‍പ്പടി സേവനം സംസ്ഥാന തലത്തില്‍ ഡിസംബറില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.