മോഡിക്ക് ബദല്‍ മമതയെന്ന് തൃണമൂല്‍ മുഖപത്രം; രാഹുല്‍ അത്ര പോരെന്നും പരാമര്‍ശം

മോഡിക്ക് ബദല്‍ മമതയെന്ന് തൃണമൂല്‍ മുഖപത്രം; രാഹുല്‍ അത്ര പോരെന്നും പരാമര്‍ശം

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയാണ് ദേശീയ തലത്തില്‍ നരേന്ദ്ര മോഡിക്ക് ശക്തമായ ബദലെന്ന് തൃണമൂല്‍ മുഖപത്രം. തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ വെള്ളിയാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോഡിക്ക് ബദലാകാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പറ്റുന്നില്ലെന്നും ലേഖനത്തിലുണ്ട്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരായ ആക്രമണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ തൃണമൂല്‍ മുഖപത്രത്തില്‍ വന്ന വാര്‍ത്ത പ്രതിപക്ഷ നിരയില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്.

പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ്. പക്ഷേ, നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും മോഡിക്ക് ബദലായി ഉയര്‍ന്നു വരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല. മോഡിക്ക് ബദലായി മമതാ ബാനര്‍ജിയെ ഉയര്‍ത്തിക്കാട്ടി കാമ്പയിന്‍ നടത്തണമെന്നും ലേഖനത്തില്‍ പറയുന്നു. തൃണമൂലിന്റെ മുതിര്‍ന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ സുധീപ് ബന്ദോപാധ്യായ ഒരു പാര്‍ട്ടി യോഗത്തില്‍ നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചു കൊണ്ടാണ് ജാഗോ ബംഗ്ലയിലെ ലേഖനം.

രാജ്യത്തിന് ഒരു ബദല്‍ ആവശ്യമാണെന്നും സുധീപ് ബന്ദോപാധ്യായെ ഉദ്ധരിച്ചുകൊണ്ട് പത്രം അഭിപ്രായപ്പെട്ടു. 'എനിക്ക് രാഹുല്‍ ഗാന്ധിയെ വര്‍ഷങ്ങളായി അറിയാം. പക്ഷേ അദ്ദേഹം മോഡിക്ക് ബദലായി ഉയര്‍ന്നു വരുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. രാജ്യത്തിന് മുഴുവന്‍ ഇപ്പോള്‍ മമതയെ ആവശ്യമാണ്. മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളോടും സംസാരിച്ച് മമതയെ ഒരു ബദലായി ഉയര്‍ത്തിക്കാട്ടണം.'- ബന്ദോപാധ്യായ പറഞ്ഞു.

ഈ മാസം 15ന് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് സുധീപ് ബന്ദോപാധ്യായ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതാണ് പത്രത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. അതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ബന്ദോപാധ്യായ പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.