യു.പിയില്‍ ജിതിനെ തടയാന്‍ ജിതേന്ദ്ര; സൈബറിടം പിടിക്കാന്‍ 'ജനതാ കാ റിപ്പോര്‍ട്ടര്‍': കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യം 2024

യു.പിയില്‍ ജിതിനെ തടയാന്‍ ജിതേന്ദ്ര; സൈബറിടം പിടിക്കാന്‍ 'ജനതാ കാ റിപ്പോര്‍ട്ടര്‍': കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യം 2024

തിരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളില്‍ ഫേസ്ബുക്ക് വഴി വോട്ടര്‍മാരുമായി ലൈവ് ചാറ്റാണ് കോണ്‍ഗ്രസ് 'ജനതാ കാ റിപ്പോര്‍ട്ടര്‍' എന്ന പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. ആദ്യം തുടങ്ങുന്നത് ഉത്തര്‍പ്രദേശിലാണ്. ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. എന്തൊക്കെയാണ് ജനങ്ങളുടെ പ്രാദേശിക വിഷയങ്ങള്‍ എന്ന് അറിയുകയും ബോധ്യപ്പെടുത്തുകയാണ് ഈ ലൈവ് ചാറ്റിന്റെ ലക്ഷ്യം.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ബ്രഹ്മാസ്ത്രമായ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിയെ വീഴ്ത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. യു.പി പിടിക്കണമെങ്കില്‍ ഏറ്റവും ശക്തമായ ടീമിനെ തന്നെ ഇറക്കണമെന്ന തിരിച്ചറിവില്‍ പുതിയ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി.

ജിതേന്ദ്ര സിങാണ് പുതിയ കമ്മിറ്റിയുടെ അധ്യക്ഷന്‍. ദീപേന്ദര്‍ സിങ് ഹൂഡ, വര്‍ഷ ഗെയ്ക്ക്വാദ് എന്നിവരും കമ്മിറ്റിയിലുണ്ട്. രാജ്യസഭാ എം.പിയാണ് ദീപേന്ദര്‍ സിങ് ഹൂഡ. മഹാരാഷ്ട്രയിലെ എംഎല്‍എയാണ് വര്‍ഷ. അടുത്തയിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിന്‍ പ്രസാദയെ മുന്‍നിര്‍ത്തി ബ്രാഹ്മണ നീക്കങ്ങള്‍ നടത്തുന്ന ബിജെപിയെ പൂട്ടാനുള്ള ശ്രമങ്ങളാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും മറ്റുമായി ഏറ്റവും മികച്ച നേതാക്കളെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം ഈ കമ്മിറ്റിയുടെ ചുമതലയിലായിരിക്കും. ഏതൊക്കെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസിന് വേണമെന്ന നിര്‍ദേശവും ഇവര്‍ക്ക് ഹൈക്കമാന്‍ഡിനോട് നിര്‍ദേശിക്കാം. ദീപേന്ദര്‍ സിങ് ഗാന്ധി കുടുംബവുമായി പ്രത്യേകിച്ച് പ്രിയങ്കയുമായി വളരെ അടുപ്പമുള്ള നേതാവാണ്.

ഹരിയാനയില്‍ അടുത്ത വര്‍ഷം കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി ദീപേന്ദര്‍ എത്താനുള്ള സാധ്യതയും ശക്തമാണ്. ഇക്കാര്യത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ കറയറ്റ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഈ അടുപ്പമാണ് ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ കൂടിയായ ദീപേന്ദര്‍ ഹൂഡ യു.പിയിലെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്താനുള്ള കാരണം.

പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്ര എന്നിവരെ എക്സ് ഓഫീസ്യോ ആയും നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ചുരുക്ക പട്ടിക ഇവരാണ് തയ്യാറാക്കുക. യു.പിയില്‍ മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.


ഇത്തവണ സഖ്യമൊന്നുമില്ലാതെ ഒറ്റയ്ക്കാണ് കോണ്‍ഗ്രസിന്റെ മത്സരം. 2017ല്‍ എസ്.പിക്കൊപ്പം സഖ്യത്തില്‍ മത്സരിച്ചിട്ടും ആകെ ഏഴ് സീറ്റാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. സമാജ് വാദി പാര്‍ട്ടിക്കും വലിയ നേട്ടമുണ്ടായില്ല. ഇതോടെയാണ് ഇരുവരും സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

അതേസമയം നിലവില്‍ കോണ്‍ഗ്രസ് കളത്തിലേ ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് പരമാവധി ഇളക്കി മറിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളെ പിടിക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി 'ജനതാ കാ റിപ്പോര്‍ട്ടര്‍' എന്ന ക്യാമ്പയിന്‍ തുടങ്ങാന്‍ പോവുകയാണ് പാര്‍ട്ടി.

തിരഞ്ഞെടുപ്പ് വരുന്ന സംസ്ഥാനങ്ങളില്‍ ഫേസ്ബുക്ക് വഴി വോട്ടര്‍മാരുമായി ലൈവ് ചാറ്റാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആദ്യം തുടങ്ങുന്നത് ഉത്തര്‍പ്രദേശിലാണ്. ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. എന്തൊക്കെയാണ് ജനങ്ങളുടെ പ്രാദേശിക വിഷയങ്ങള്‍ എന്ന് അറിയുകയും ബോധ്യപ്പെടുത്തുകയാണ് ഈ ലൈവ് ചാറ്റിന്റെ ലക്ഷ്യം.


രാഹുലിന്റെ വിശ്വസ്തനായ രോഹന്‍ ഗുപ്തയ്ക്കാണ് ഇതിന്റെ ചുമതല. അദ്ദേഹമാണ് സോഷ്യല്‍ മീഡിയ സെല്ലിന്റെ അധ്യക്ഷന്‍. എന്തൊക്കെയാണ് വോട്ടര്‍മാരുടെ മണ്ഡലത്തിലെ പ്രാദേശികമായ പ്രശ്നങ്ങളെന്ന് അറിയുകയും അത് അറിയാത്ത ജനങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യും.

ഇതിനായി ഐടി വളണ്ടിയര്‍മാരെ കോണ്‍ഗ്രസ് പരിശീലിപ്പിക്കുന്നുണ്ട്. 'ജനതാ കാ റിപ്പോര്‍ട്ടര്‍' എന്ന പേരിലൂടെ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്താനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. യു.പി പോലൊരു സംസ്ഥാനത്ത് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നൂറോളം ഐടി വളണ്ടിയര്‍മാര്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുത്തിട്ടുണ്ട്.

ഇങ്ങനെ സംസ്ഥാന തലത്തില്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ ഉണ്ടാക്കിയെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷത്തോളം സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരെയാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് ഒരുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഇവരുടെ സഹായമുണ്ടാവും.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ തന്ത്രം. എല്ലാ പ്രാദേശിക ഭാഷകളിലും സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടി പൂട്ടിടുകയാണ് ലക്ഷ്യം. ബിജെപിയെ എല്ലാ അര്‍ത്ഥത്തിലും നേരിടുകയാണ് ഇതിന്റെ വിശാല ലക്ഷ്യമെന്ന് രോഹന്‍ ഗുപ്ത പറയുന്നു. സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കാന്‍ സീനിയര്‍ നേതാക്കളെ പരിശീലിപ്പിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.