മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം. റോയ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. കൊച്ചി കടവന്ത്ര കെ.പി വള്ളോന്‍ റോഡിലുള്ള വസതിയില്‍ വൈകുന്നേരം മൂന്നരയോടെയായിരുന്നു അന്ത്യം. ഏഴ് വര്‍ഷം മുമ്പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലായിരുന്നു. പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്, പ്രഭാഷകന്‍, അധ്യാപകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷ്, മലയാളം പത്രപ്രവര്‍ത്തന രംഗത്ത് ഒരേപോലെ തിളങ്ങിയ പ്രതിഭയായിരുന്നു കെ.എം റോയ്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയിലും ദി ഹിന്ദു, ഇക്കണോമിക് ടൈംസ്, മംഗളം തുടങ്ങി ആറിലധികം പത്രങ്ങളിലും പ്രവര്‍ത്തിച്ചു.

എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹ പത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളം ദിന പത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു. പിന്നീട് വിവിധ ദിന പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതിയിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറലായും സേവനമനുഷ്ടിച്ചിട്ടുണ്ട് ഇരുളും വെളിച്ചവും, കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാന്‍ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.

പത്രപ്രവര്‍ത്തന മേഖലയിലെ മികവിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ ഫൊക്കാന അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, പ്രഥമ സി.പി ശ്രീധരമേനോന്‍ സ്മാരക മാധ്യമ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ശിവറാം അവാര്‍ഡ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ ലൈഫ്ടൈം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.