വയസായാല്‍ വീട്ടിലിരിക്കാനാവില്ല; 78 വയസുള്ള മകനൊപ്പം 101-ാം വയസിലും വിര്‍ജീനിയ കടലില്‍ മീന്‍ പിടിക്കാന്‍ പോകും

വയസായാല്‍ വീട്ടിലിരിക്കാനാവില്ല; 78 വയസുള്ള മകനൊപ്പം 101-ാം വയസിലും വിര്‍ജീനിയ കടലില്‍ മീന്‍ പിടിക്കാന്‍ പോകും

വയസായാല്‍ എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ഇരിക്കണമെന്ന് മാതാപിതാക്കളോട് പറയുന്ന മക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ അമേരിക്കയിലെ വിര്‍ജീനിയ മുത്തശ്ശിയുടെ മുഖത്തുനോക്കി അങ്ങനെ ചോദിക്കാന്‍ ആരും ധൈര്യപ്പെടില്ല. കാരണം 78 വയസുകാരനായ മകനൊപ്പമാണ് 101 വയസുകാരിയായ വിര്‍ജീനിയ ഒലിവര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനും പത്ത് വര്‍ഷം മുന്‍പ് ആരംഭിച്ച മത്സ്യബന്ധനത്തൊഴില്‍ തന്റെ 101-ാം വയസിലും വിര്‍ജീനിയ തുടരുന്നു. അമേരിക്കന്‍ സംസ്ഥാനമായ മെയിനിലെ ഏറ്റവും പ്രായം കൂടിയ ലോബ്സ്റ്റര്‍ മത്സ്യത്തൊഴിലാളിയാണ് ഈ മുത്തശ്ശി. ഒരുപക്ഷേ ലോകത്തിലെയും.


വിര്‍ജീനിയ ബോട്ടിനുള്ളില്‍

പ്രായമാകുമ്പോള്‍ മിക്കവരും സ്വന്തം വീടുകളില്‍ ഒതുങ്ങുമ്പോള്‍ കടലിലെ തിരകളോടു മല്ലിട്ട് വിര്‍ജീനിയ ബോട്ട് ഓടിക്കുന്നു.

തന്റെ 78-കാരനായ മകന്‍ മാക്സിനൊപ്പമാണ് വിര്‍ജീനിയ കടലില്‍ പോകുന്നത്. ഇന്നത്തെപ്പോലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്താണ് വിര്‍ജീനിയ ഈ തൊഴില്‍ ആരംഭിച്ചത്.

എട്ടാം വയസില്‍ പിതാവിനൊപ്പമാണ് വിര്‍ജീനിയ കടലില്‍ പോയി കൊഞ്ചിനെ പിടിക്കാന്‍ ആരംഭിച്ചത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ശീലത്തിന് ഇന്നും മാറ്റമില്ല. മരിച്ചുപോയ ഭര്‍ത്താവിന്റെ ബോട്ടിലാണ് കടലില്‍ പോകുന്നത്. അവരുടെ പേരാണ് ബോട്ടിനും-വിര്‍ജീനിയ.

പിതാവില്‍നിന്നാണ് മത്സ്യബന്ധനത്തിലുള്ള താല്‍പര്യം വിര്‍ജീനിയയ്ക്കും പകര്‍ന്നുകിട്ടിയത്.


വിര്‍ജീനിയയും മകനും 

ഈ ജോലി നിര്‍ത്തിക്കൂടേ എന്ന് പലരും ചോദിക്കാറുണ്ടെങ്കിലും പിന്മാറാന്‍ ഉദ്ദേശ്യമില്ലെന്ന് അവര്‍ പറയുന്നു. 'ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ഈ തൊഴിലാണ് ചെയ്തത്. അതുകൊണ്ട് തന്നെ മരണം വരെ താന്‍ ഇത് തുടരും-വിര്‍ജീനിയ പറഞ്ഞു.

അതേസമയം മെയിന്‍സില്‍ കൊഞ്ചിന്റെ എണ്ണം കുറയുന്നത് ഈ മുത്തശ്ശിയെ ആശങ്കപ്പെടുത്തുന്നു. വിര്‍ജീനിയ ഈ ജോലി ആരംഭിച്ചതിനുശേഷം കൊഞ്ച് വ്യവസായത്തില്‍ പതിറ്റാണ്ടുകള്‍കൊണ്ട് ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ഭക്ഷണം എന്നതില്‍നിന്നും ഏറ്റവും വിലയേറിയ കടല്‍ വിഭവങ്ങളിലൊന്നായി റസ്‌റ്റോറന്റുകളില്‍ ഇടം പിടിച്ചു.

വിര്‍ജീനിയ കൊഞ്ച് പിടിക്കാന്‍ തുടങ്ങിയ കാലത്തില്‍നിന്നും ഇന്ന് ഏറെ വ്യത്യാസങ്ങളുണ്ട്. മരം കൊണ്ടുണ്ടാക്കിയ കൂട ഉപയോഗിച്ചാണ് ആദ്യം അവയെ പിടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വയറുകള്‍ ഉപയോഗിച്ചുള്ള മുന്തിയ കെണികളാണ് ഉപയോഗിക്കുന്നത്. ഇവയെ ആകര്‍ഷിക്കാനായി കൂടുകളില്‍ ചെറിയ മത്സ്യങ്ങളെ നിറയ്ക്കുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞണ്ടിനെ പിടിച്ചപ്പോള്‍ ഞണ്ടിന്റെ കാലുകള്‍ക്കിടയില്‍ വിര്‍ജീനിയയുടെ വിരല്‍ കുടുങ്ങുകയും ഏഴ് തുന്നലുകള്‍ ചെയ്യേണ്ടതായും വന്നു. എന്നിരുന്നാലും, ഈ ജോലി നിര്‍ത്താന്‍ അവര്‍ തയാറായില്ല. എന്തിനാണ് ഇത്ര പ്രായമായിട്ടും ഇത് തുടരുന്നതെന്ന് ഡോക്ടര്‍ ചോദിച്ചു. എനിക്കിത് ചെയ്യാന്‍ ആഗ്രഹമുള്ളതുകൊണ്ടെന്നു ഒലിവര്‍ മറുപടിയും നല്‍കി.

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മുത്തശ്ശി കൊഞ്ച് ഡിന്നറിനെക്കുറിച്ച് വാചാലയാകും. ആഴ്ചയില്‍ ഒരു തവണയെങ്കിലും അത്താഴത്തിന് കൊഞ്ച് പാകം ചെയ്തു കഴിക്കുമെന്ന് അവര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.