വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയിന്റിംഗ് ആംസ്റ്റര്‍ഡാം മ്യൂസിയത്തില്‍

വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയിന്റിംഗ് ആംസ്റ്റര്‍ഡാം മ്യൂസിയത്തില്‍

വിന്‍സെന്റ് വാന്‍ഗോഗിന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു പെയിന്റിംഗ് ആംസ്റ്റര്‍ഡാം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ഇതുവരെ എവിടെയും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത 'വോണ്‍ ഔട്ട്' എന്ന പെയിന്റിംഗിനോട് ഏറെ സാമ്യമുള്ള ഇത് ഒരു ഡച്ച് സ്വകാര്യ ശേഖരത്തിന്റെ ഭാഗമാണ്.

വാന്‍ഗോഗ് മ്യൂസിയത്തില്‍ നിന്നുള്ള ചുരുക്കം ചില ആളുകള്‍ക്ക് മാത്രമേ ഈ പെയിന്റിംഗിനെ കുറിച്ച് അറിയൂ. അജ്ഞാതനായി തുടരുന്ന ഈ പെയിന്റിംഗിന്റെ ഉടമ ഒപ്പിടാത്ത ഈ ചിത്രം വാന്‍ഗോഗിന്റെതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ മ്യൂസിയത്തോട് ആവശ്യപ്പെടുകയായിരുന്നു. വരയുടെ രീതി മുതല്‍ ഉപയോഗിച്ച മെറ്റീരിയലുകള്‍ വരെ വാന്‍ ഗോഗിന്റെ വരകളുമായി പൊരുത്തപ്പെടുന്നു എന്നാണ് മുതിര്‍ന്ന ഗവേഷകന്‍ ടിയോ മീഡെന്‍ഡോര്‍പ്പ് വ്യാഴാഴ്ച പറഞ്ഞത്.

വാന്‍ ഗോഗിന്റെ ഒരു പുതിയ സൃഷ്ടി കണ്ടെത്തുന്നത് വളരെ അപൂര്‍വമാണ് എന്ന് മ്യൂസിയം ഡയറക്ടര്‍ എമിലി ഗോര്‍ഡന്‍ക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ ആദ്യകാല ചിത്രവും അതിന്റെ കഥയും ഞങ്ങളുടെ സന്ദര്‍ശകരുമായി പങ്കിടാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നും ഗോര്‍ഡന്‍ക്കര്‍ പറയുന്നു. വാന്‍ ഗോഗ് എപ്പോഴും സാധാരണക്കാരായ മനുഷ്യരുടെ വികാരങ്ങളെ പകര്‍ത്താനിഷ്ടപ്പെട്ടിരുന്നു എന്നും ഗോര്‍ഡന്‍ക്കര്‍ പറയുന്നു.

വാന്‍ഗോഗ് ആളുകളുടെ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ കാലത്തുനിന്നുള്ളതായിരിക്കാം ഈ പെയിന്റിംഗ് എന്നാണ് കരുതുന്നത്. തല കയ്യില്‍ താങ്ങിയിരിക്കുന്ന ഒരു വയസനായ മനുഷ്യന്റേതാണ് ചിത്രം.

1882 നവംബറിലെ അവസാന ആഴ്ചകളിലായിരിക്കാം ഈ ചിത്രം പിറവി കൊണ്ടത് എന്ന് കരുതുന്നു. ആ വര്‍ഷം നവംബര്‍ 24ന് വാന്‍ ഗോഗ് എഴുതിയ രണ്ട് കത്തുകളാണ് അങ്ങനെ വിശ്വസിക്കാന്‍ കാരണം മീനെന്‍ഡോര്‍പ് പറഞ്ഞു. വാന്‍ ഗോഗ് ഹേഗില്‍ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്ന സമയമായിരുന്നു അത്. ആ സമയത്ത് മാനസികമായി വാന്‍ ഗോഗ് നല്ല അവസ്ഥയിലായിരുന്നിരിക്കണം.

ആ സമയത്ത് സഹോദരന്‍ തിയോയ്ക്കെഴുതിയ കത്തില്‍ വാന്‍ഗോഗ് താന്‍ രണ്ട് വൃദ്ധന്മാരുടെ ചിത്രങ്ങള്‍ വരച്ചതായി പറയുന്നുണ്ട്. അതായിരിക്കാം ഇത് എന്ന് കരുതുന്നു. ഏതായാലും ജീവിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളോ ആ കലാകാരനോ വേണ്ടത്ര അംഗീകരിക്കപ്പെട്ടിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.