തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കർശനമാക്കിയതിനൊപ്പം സ്റ്റാഫ് അംഗങ്ങൾക്കും സി.പി.എം മാർഗരേഖയിറക്കി. വ്യക്തി താൽപര്യങ്ങൾക്കും സ്ഥാപിത താൽപര്യങ്ങൾക്കും കീഴ്‌പ്പെടാതിരിക്കാൻ സ്റ്റാഫ് അംഗങ്ങൾ ശ്രദ്ധവേണമെന്നാണ് നിർദേശം.
അതേസമയം ഫോൺ കുരുക്കളുടെ കാലമായതിനാൽ ഫോണുപയോഗത്തിൽ മിതത്വം വേണമെന്നും പാർട്ടി നിർദേശിച്ചു .
മൊബൈൽ ഫോണിലൂടെ എല്ലാകാര്യങ്ങളും പറയുന്ന രീതിയുണ്ടാകരുത്. പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. പരാതികൾ ഫോണിലൂടെ സ്വീകരിക്കരുത്. പരാതി പറയാൻ വിളിക്കുന്നവരോട് അവ എഴുതി നൽകാൻ നിർദേശിക്കണം. പ്രധാനപ്പെട്ട സന്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് ഫോൺവഴി നൽകരുത്.
സ്ഥാപിത താൽപര്യക്കാർ പലതരം ദൗർബല്യങ്ങളെയും ചൂഷണം ചെയ്യാൻ ശ്രമിക്കും. ഇക്കാര്യത്തിൽ ജാഗ്രതയുണ്ടാകണം. ഓഫീസ് അംഗങ്ങളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തണം. പ്രധാന കാര്യങ്ങളിൽ കൂട്ടായ ചർച്ചകൾ നടത്തി തീരുമാനമെടുക്കണം.
സർക്കാർ നയങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥരെയും വകുപ്പ് മേധാവികളെയും യോഗം വിളിച്ച് തീരുമാനം നടപ്പാക്കാനുള്ള ചുമതല മന്ത്രിമാരുടെ ഓഫീസുകൾക്കാണ്. ഓഫീസുകളുടെ പൊതുവിലുള്ള പ്രവർത്തനം പ്രൈവറ്റ് സെക്രട്ടറിമാർ അറിഞ്ഞിരിക്കണം.
ഓഫീസ് ജീവനക്കാർ ഓഫീസിൽ വരുന്നവരോട് നല്ലരീതിയിൽ പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓഫീസ് വിട്ട് ജീവനക്കാർ പുറത്തുപോകുമ്പോൾ അവർ എവിടെയാണെന്ന വിവരം ഓഫീസിലുണ്ടാകണം. ഓഫീസ് ജീവനക്കാരുടെ യോഗം മാസത്തിലൊരിക്കലെങ്കിലും പ്രൈവറ്റ്സെക്രട്ടറി വിളിച്ചുചേർക്കണം. ഓഫീസിലെ ഉയർന്ന തസ്തികയിൽ പ്രവർത്തിക്കുന്നവർ ആഴ്ചയിലൊരിക്കലെങ്കിലും കൂടിയിരുന്ന് ചർച്ച നടത്തണം. അതതു ദിവസങ്ങളിൽ ഉയർന്നുവരുന്ന പ്രധാനപ്രശ്നങ്ങൾ പരസ്പരം ചർച്ചചെയ്യാൻ ഓഫീസിലെ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണം.
പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന പരാതികളിൽ ശരിയായ ഇടപെടൽ ഉണ്ടാകണം. രാഷ്ട്രീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം. ഈ കാര്യങ്ങളിൽ എല്ലാം പ്രത്യേക ഉത്തരവാദിത്വം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിക്കാണെന്നും നിർദേശത്തിൽ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.