ഒല്ലൂര്‍: ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരുപാട് മനുഷ്യര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പലപ്പോഴും സമൂഹം തിരിച്ചറിയാതെ പോകുന്ന നിരവധി ആളുകള്‍ സ്വന്തം ജീവിതം കൊണ്ട് ചുറ്റുമുള്ളവര്‍ക്ക് പ്രകാശം പരത്തുന്നവരാണ്. അത്തരത്തില്‍ പ്രകാശം പരത്തുന്ന ഒരു നല്ല ഹൃദയത്തിന്റെ ഉടമയാണ് മരത്താക്കര പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരന്‍ മണി. അദ്ദേഹം തന്റെ ജീവിതത്തിലൂടെ മഹത്തായൊരു സന്ദേശമാണ് സമൂഹത്തിന്‍ നല്‍കുന്നത്. തന്നേക്കാള്‍ കഷ്ടപ്പെടുന്നവര്‍ക്ക് ചെറുതെങ്കിലും ഒരു സഹായം ചെയ്യുന്നതു വലിയ കാര്യമാണെന്നാണ് മണിച്ചേട്ടന്‍ പറയുന്നത്.
മരത്താക്കര കോതോര്‍കൂടാരത്തില്‍ മണി (63) മുപ്പതുവര്‍ഷമായി സെമിത്തേരിയിലെ തൊഴിലാളിയാണ്. ഈ പള്ളിയിലെത്തിയിട്ട് വര്‍ഷം 13. ഇടവകയില്‍ ഒരു മരണം നടന്നാല്‍ സംസ്‌കരിച്ച കുഴി തുറക്കുന്നതും പിന്നെ അടയ്ക്കുന്നതുമെല്ലാം മണി തന്നെയാണ്. ഈ തൊഴിലില്‍ നിന്ന് ലഭിക്കുന്ന പണം ഒരിക്കല്‍ പോലും സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിട്ടില്ല. മണിച്ചേട്ടന്റെ അധ്വാനഫലം മുഴുവനും ഇടവകയിലെ നിര്‍ധനരായ കിടപ്പു രോഗികള്‍ക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ളതാണ്.
ഒരു കുഴിയെടുത്താല്‍ 500 രൂപ കിട്ടും. ചിലപ്പോള്‍ കുറച്ച് കൂടുതലും കിട്ടും. നിര്‍ധനരുടെ വീട്ടിലെ മരണമാണെങ്കില്‍ ഒന്നും വാങ്ങാറില്ല. മണിച്ചേട്ടന് മദ്യപാനവും പുകവലിയുമില്ല. സെയ്ന്റ് തോമസ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞ് ലോഞ്ചില്‍ കയറി ഗള്‍ഫിലേക്ക് ജോലി തേടി പോയെങ്കിലും നാലുമാസം കഴിഞ്ഞ് മടങ്ങി വരേണ്ടി വന്നു. പിന്നീടാണ് കൂലിപ്പണിക്ക് ഇറങ്ങിയത്.
തലോര്‍ സി.എം.ഐ ആശ്രമത്തില്‍ ജോലിക്കാരനായിരുന്ന അച്ഛന്‍ ഭദ്രനാണ് മണിക്ക് ഈ തൊഴിലെടുക്കാന്‍ നിമിത്തമായത്. ഒല്ലൂര്‍, മുണ്ടൂര്‍, നെല്ലിക്കുന്ന് ഇടവകകളിലും മണി സെമിത്തേരിയില്‍ ജോലി ചെയ്തിട്ടുണ്ട്. മറ്റു നേരങ്ങളില്‍ പറമ്പു പണിയും ചെയ്യും. ഈ ജോലിക്കെല്ലാം പ്രതിഫലം കൃത്യമായി വാങ്ങും. മണിച്ചേട്ടന്റെ താമസം പള്ളിക്കു സമീപത്തെ ഷെഡിലാണ്. വീട്ടില്‍ വല്ലപ്പോഴുമൊക്കെയാണ് പോകാറുള്ളതെന്ന് അദ്ദേഹം തന്നെ പറയുന്നു. ഭാര്യയും മക്കളും മണിച്ചേട്ടനെ പള്ളിയില്‍ വന്ന് കാണുകയാണ് പതിവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.