ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ഓണ്‍ലൈനും തുടരും; സ്‌കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതിയെന്ന് വിദ്യാഭ്യാസമന്ത്രി

ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ഓണ്‍ലൈനും തുടരും; സ്‌കൂള്‍ തുറക്കാന്‍ വിപുലമായ പദ്ധതിയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്‌കൂളുകളിലായിരിക്കും പ്രധാനമായും ഇത് നടപ്പാക്കുക. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്.

എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കുട്ടികളുടെ സംരക്ഷണം പൂര്‍ണമായും ഉറപ്പാക്കും.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കുട്ടികളില്‍ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുക. നവംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറക്കുന്നതെങ്കിലും ഒക്ടോബര്‍ 15ന് മുന്‍പായി വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ആരോഗ്യ വിദഗ്ധര്‍ ജില്ലാ കലക്ടര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹായം വേണമെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കോവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്. ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്ന് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.