പിണറായി വിജയന് കെ കരുണാകരന്റെ ശൈലി; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരന്‍

പിണറായി വിജയന് കെ കരുണാകരന്റെ ശൈലി; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ മുരളീധരന്‍ എം.പി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്റേതെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ പിണറായിക്ക് കഴിയും. കെ.കരുണാകരന് ശേഷം അത്തരമൊരു അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന് സ്വന്തമായി നിലപാടില്ല. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുമ്പോള്‍ രണ്ടു പേരെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല. സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് ഇപ്പോള്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നതെന്നും മരളീധര്‍ പറഞ്ഞു.

സിപിഎമ്മിനേയും ബി.ജെ.പിയേയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച് നേരിടാനാവില്ല. അതിന് മൂര്‍ച്ഛയുള്ള ആയുധം വേണം. അതിന് ഒരുമിച്ച് നില്‍ക്കണം. ഫുള്‍ ടൈം പ്രവര്‍ത്തകരായ പാര്‍ട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്പോള്‍ കൈയ്യടിക്കാന്‍ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്പോള്‍ ഇതില്ലാത്തതുമാണ് പാര്‍ട്ടിയിലെ അവസ്ഥയെന്നും അത് മാറണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ബി.ജെ.പിക്ക് വളരാന്‍ സി.പി.ഐ.എം അവസരമുണ്ടാക്കുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ ശീലങ്ങള്‍ മാറണം. പാര്‍ട്ടി യോഗങ്ങളില്‍ കര്‍ക്കശമായി അഭിപ്രായം പറയാം. എന്നാല്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.