ട്രമ്പിന്റെ കാലത്തെ എച്ച്-1ബി വിസ നിയന്ത്രണ ഉത്തരവ് അസാധുവാക്കി ഫെഡറല്‍ കോടതി

 ട്രമ്പിന്റെ കാലത്തെ എച്ച്-1ബി വിസ നിയന്ത്രണ ഉത്തരവ് അസാധുവാക്കി ഫെഡറല്‍ കോടതി


വാഷിംഗ്ടണ്‍: മികച്ച സാങ്കേതിക പ്രവര്‍ത്തകരടക്കമുള്ള വിദേശപൗരന്മാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാനുള്ള എച്ച്-1ബി വിസയ്ക്കുമേല്‍ ട്രമ്പ് പ്രസിഡന്റ് ആയിരിക്കവേ കൊണ്ടുവന്ന നിയന്ത്രണ ഉത്തരവ് ഫെഡറല്‍ കോടതി റദ്ദാക്കി. ഒട്ടേറെ ഇന്ത്യാക്കാര്‍ക്ക് ആശ്വാസകരമാകും പുതിയ കോടതി വിധി.

മുതിര്‍ന്ന ന്യായാധിപനായ ജെഫ്രി വൈറ്റാണ് ട്രമ്പിന്റെ കാലത്തെ തീരുമാനം റദ്ദാക്കിയത്. യാതൊരു ആലോചനയുമില്ലാതെ എടുത്ത വിസ നിയന്ത്രണം അമേരിക്കയിലേക്ക് ഏറ്റവും മികച്ചവരെത്തുന്നത് തടയുമെന്നു കോടതി നിരീക്ഷിച്ചു. ദേശീയ കുടിയേറ്റ നിയമ ലംഘനം നടന്നുവെന്ന ആക്ഷേപവും കോടതി ശരിവച്ചു.

അമേരിക്കയിലെ വിസ നിയമം തീരുമാനിക്കേണ്ട ഉദ്യോഗസ്ഥനല്ല എച്ച-1ബി വിസ നിയന്ത്രണ നിയമം പ്രഖ്യാപിച്ചതെന്ന് ഫെഡറല്‍ കോടതി കണ്ടെത്തി. അമേരിക്കയുടെ ആഭ്യന്തര വകുപ്പിന്റെ കീഴിലെ ആക്ടിംഗ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം പുറപ്പെടുവിക്കേണ്ട ഉദ്യോഗസ്ഥനല്ല നടപടി എടുത്തത്. ഇതു ന്യൂനതയാണെന്നാണ് കോടതിയുടെ നിരീക്ഷണം.

വിസയ്ക്ക് അപേക്ഷിച്ചവരെ ഒരു ലോട്ടറി നറുക്കെടുപ്പുപോലെ തീരുമാനിക്കുന്ന തരത്തില്‍ ട്രമ്പ് എടുത്ത തീരുമാനങ്ങള്‍ക്കെതിരെ വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും പരാതി നല്‍കിയിരുന്നു. വളരെ ഉയര്‍ന്ന യോഗ്യതകളും ഉയര്‍ന്ന ശമ്പളവും നല്‍കേണ്ട ജോലിക്ക് മികച്ചവരെ കണ്ടെത്താനുള്ള അവസരം അതിലൂടെ നഷ്ടപ്പെടുമെന്നും പരാതിയില്‍ പറയുന്നു. വലിയ നഷ്ടമാണ് അമേരിക്കയ്ക്ക് ഇതിലൂടെ സംഭവിക്കുകയെന്നും കോടതി വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.