ഈഴവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണൻചിറ ; ഒപ്പം മാധ്യമങ്ങൾ വർഗീയ ചേരിതിരിവിനായി ഈ സന്ദേശം പ്രചരിപ്പിക്കരുത് എന്ന അഭ്യർത്ഥനയും

ഈഴവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണൻചിറ ; ഒപ്പം മാധ്യമങ്ങൾ വർഗീയ ചേരിതിരിവിനായി ഈ സന്ദേശം പ്രചരിപ്പിക്കരുത് എന്ന അഭ്യർത്ഥനയും

കോട്ടയം : വിശ്വാസപരിശീലകരുടെ മുന്നിൽ അവതരിപ്പിച്ച വസ്തുതാപഠന റിപ്പോർട്ട് വളച്ചൊടിച്ച് വർഗീയ ചുവ നൽകി ചില മാധ്യമങ്ങൾ അവതരിപ്പിച്ചതിനെത്തുടർന്ന് ഉടലെടുത്ത വിവാദത്തിൽ ഫാ. റോയ് കണ്ണൻചിറ ഖേദപ്രകടനം നടത്തി.

കുടുംബ ബന്ധങ്ങളിലെ  ഭദ്രത, വിശ്വാസ പരിശീലകരുടെ ജാഗ്രത എന്നീ വിഷയങ്ങളെ പരാമർശിച്ച് സംസാരിച്ച ഫാ. കണ്ണൻചിറ തനിക്കു അറിവുള്ള ഇടവകയിൽ നടന്ന ഒരു സംഭവം പങ്കു വയ്ക്കുകയായിരുന്നു. തികച്ചും സ്വകാര്യമായ ചടങ്ങിൽ നടത്തിയ ചില പരാമർശങ്ങൾ വളച്ചൊടിച്ചാണ് ചിലർ വാർത്തയാക്കിയത്. 

ഫാ. റോയ്  കണ്ണൻചിറ നടത്തിയ ഖേദ പ്രകടനത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് ഭദ്രതയുള്ള കുടുംബ ജീവിതം. ആനുകാലിക വിഷയങ്ങളെ അധികരിച്ച് കോട്ടയത്തിനടുത്ത് ഒരിടവകയിലുണ്ടായ ഒരു സംഭവം വിശദീകരിക്കുന്നതിനിടയിലാണ് ചില പ്രത്യേക സമുദായത്തെ പരാമർശിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയുടെ മതാധ്യാപകർക്കുള്ള പ്രസംഗത്തിൽ കുടുംബ ഭദ്രത ഉറപ്പാക്കാൻ മതാധ്യാപകർ ശ്രദ്ധിക്കണം എന്ന് അവരെ ഓർമിപ്പിച്ചിരുന്നു. വൈദികൻ എന്ന നിലയിൽ ധാരാളം ആളുകൾ അവരുടെ ജീവിതത്തെ വ്രണിതമാകുന്ന പല അനുഭവങ്ങളും വൈദികരോട് പറയാറുണ്ട്. ഇരുപതും - ഇരുപത്തഞ്ചും വയസ്സ് വരെ വളര്ത്തി വലുതാക്കിയ മക്കൾ മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ അന്യ മതസ്ഥരോടൊപ്പം പോയാൽ ഏത് ജാതി മത വിഭാഗത്തിൽ പെട്ടവരായാലും മാതാപിതാക്കൾക്ക് വിഷമം ഉണ്ടാകുക സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾക്കൊപ്പം മതാധ്യാപകരും ജാഗ്രത പാലിക്കണം എന്നാണ് തന്റെ പ്രസംഗത്തിന്റെ സാരാംശം. ഇത് ആരോ ചോർത്തി ചില തല്പരകഷികളായ മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. തന്റെ പരാമർശത്തിൽ ഈഴവ സമുദായത്തിലെ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും  ഇത് വർഗീയ ചേരി തിരിവിനായി ആരും ഉപയോഗിക്കരുതെന്നും അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.